
എഡിജിപിയെ മാറ്റാതെ പറ്റില്ല; നിലപാട് ഉറപ്പിച്ച് സിപിഐ
- ഡിജിപിയുടെ റിപ്പോർട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സിപിഐ നിലപാട് ആവർത്തിച്ചത്. സിപിഎം- സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരാൻ ഇരിക്കുന്നതിന് മുന്നോടിയായി ആയിരുന്നു നിർണായക കൂടിക്കാഴ്‌ച. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തിരുവനന്തപുരം എകെജി സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. ഡിജിപിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി. റിപ്പോർട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ ഡിജിപി ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് ഇന്നലെ കൂടിക്കാഴ്‌ച നടന്നത്.
സിപിഐയുടെ നേരത്തെയുള്ള നിലപാട് നാളെ നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് എഡിജിപിയെ മാറ്റണമെന്നതായിരുന്നു . നടപടിയുണ്ടായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്.