
എയ്റോബിക് പ്ലാന്റ് പൊളിക്കുന്നു
- 5 വർഷമായിട്ടും ഉപയോഗിക്കാത്ത എയ്റോബിക് പ്ലാന്റാണ് പൊളിയ്ക്കുന്നത്
മുക്കം:5 ലക്ഷം രൂപ ചെലവിൽ ജൈവ മാലിന്യ സംസ്കരണത്തിന് നഗരസഭ പഴയ ബസ് സ്‌റ്റാൻഡ് പരിസരത്തു നിർമിച്ച എയ്റോബിക് പ്ലാന്റ് പൊളിക്കുന്നു. നഗരസഭാ കാര്യാലയത്തിനോടു ചേർന്ന് 5 വർഷം മുൻപു സ്ഥാപിച്ചതും ഇതുവരെ ഉപയോഗിക്കാത്തതുമായ പ്ലാന്റ് ആണു പൊളിക്കുന്നത്.പ്ലാന്റ് പൊളിക്കുന്നത് ബസ് സ്റ്റാൻഡിലെ പൊതു ശുചിമുറിയുടെ വികസന പ്രവർത്തനങ്ങൾക്കാണ്.പ്ലാന്റ് ഉപയോഗിക്കുന്നത് നിലവിൽ നഗരസഭയുടെ ശുചീകരണ ഉപകരണങ്ങൾ സൂക്ഷിക്കാനാണ്.പ്ലാൻ്റ് നിർമിച്ചത് 2019ലാണ്. ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ നഗരത്തിൽ നിന്നു ശേഖരിക്കുന്ന ജൈവ മാലിന്യം സംസ്കരിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
ഒന്നര ടൺ ജൈവ മാലിന്യ സംസ്കരണ ശേഷിയുള്ള പ്ലാന്റ് ആണു സ്‌ഥാപിച്ചത്. പ്ലാന്റിൽ നിന്നുള്ള കംപോസ്‌റ്റ് ഉപയോഗിച്ച് പരിപാലിക്കുന്നതിനു പച്ചക്കറി തോട്ടവും ഒരുക്കി. എന്നാൽ, ഉദ്ഘാടനം പോലും നടത്താൻ ഭരണസമിതിക്കായില്ല. ജൈവ മാലിന്യവും കരിയിലയും ചേർത്ത മിശ്രിതത്തെ ബാക്‌ടീരിയ പ്രവർത്തനം വഴി കംപോസ്‌റ്റ് ആക്കുന്നതാണ് എയ്റോബിക് പ്ലാന്റുകൾ. മണ്ണുത്തി കാർഷിക യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത ബാക്ടീരിയ മിശ്രിതം ഉപയോഗിക്കാനായിരുന്നു തീരുമാനം.