
എലത്തൂർ ഇന്ധന ചോർച്ച; മണ്ണിൽ കലർന്നതിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ
- പ്രദേശത്തെ കിണറുകളെയും ബാധിക്കും
കോഴിക്കോട്:കോഴിക്കോട് എലത്തൂർ ഡിപ്പോയിൽ ചോർന്ന ഡീസൽ മണ്ണിൽ കലർന്ന ഭാഗങ്ങളിൽ അതിൻ്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കുമെന്ന് ഉദ്യോഗസ്ഥർ. മണ്ണിൽ കലർന്നഭാഗത്ത് ഭൂഗർഭജലത്തിലേക്ക് ഡീസലിന്റെ അംശം ഇറങ്ങുമെന്ന് സിഡബ്ള്യുആർഡിഎം ഇക്കോളജി ആൻഡ് എൻവയൺമെന്റൽ സയന്റിസ്റ്റ് ഡോ. വി.എസ്. ചിത്ര പറഞ്ഞു. അതിനാൽ സ്വാഭാവികമായി പ്രദേശത്തെ കിണറുകളെയും ബാധിക്കും.

അതേസമയം, ജലാശയത്തിൽ പരന്ന ഡീസൽ മണ്ണിൽ ചേരില്ലെങ്കിലും മത്സ്യങ്ങളെ ഉൾപ്പെടെ ബാധിക്കും. വെള്ളത്തിനുമുകളിൽ പാടപോലെയാണ് ഡീസൽ കാണപ്പെടുക. മുകൾത്തട്ടിൽ കെട്ടിടക്കിടക്കുന്നതിനാൽ ഡിസോൾവിങ് ഓക്സിജൻ ഉണ്ടാവില്ല. ഇത് മത്സ്യങ്ങളും മറ്റുജീവികളും ചാവാൻ കാരണമാവും.ഡീസൽ പുഴയിലേക്കെത്തിയതിനാൽ അവിടെയും അതിന്റെ പ്രശ്നങ്ങളുണ്ടാവും. ഡീസൽ പരന്നൊഴുകിയ തോട്, സമീപത്തെ കിണർ എന്നിവിടങ്ങളിൽനിന്ന് സിഡബ്ള്യുആർഡിഎം. സംഘം സാംപിളുകൾ ശേഖരിച്ചു. വെള്ളത്തിൽ എത്രമാത്രം ഡീസലിന്റെ അംശമുണ്ടെന്ന് ലാബിൽ പരിശോധനയ്ക്ക് ശേഷം കണ്ടെത്തും.