
എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം 22 മുതൽ;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
- മുഖ്യമന്ത്രി പിണറായി വിജയൻ 4.30-ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും
കോഴിക്കോട് :കേരള എൻജിഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനം 22, 23, 24 തീയതികളിൽ കോഴിക്കോട്ട് വെച്ച് നടക്കും . ആദ്യ ദിവസമായ 22 ശനിയാഴ്ച കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് സംഘടനാ കാര്യങ്ങളും പുതിയ സംസ്ഥാന സമിതി തിരഞ്ഞെടുപ്പുമാണ് നടക്കുക. ശേഷം വൈകീട്ട് ക്രിസ്ത്യൻകോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം കോഴിക്കോട് ബീച്ചിൽ അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 4.30-ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിയിൽ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, രാമചന്ദ്രൻ കടന്നപ്പള്ളി, പി. സന്തോഷ്‌കുമാർ എം.പി., കെ.പി. മോഹനൻ എം.എൽ.എ. എന്നിവർ പങ്കെടുക്കും.
രണ്ടാം ദിവസമായ 23 ന് പ്രതിനിധിസമ്മേളനം ന്യൂസ് ക്ലിക്ക്, എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്കുശേഷം ‘ഫെഡറലിസം തകർത്ത് കേന്ദ്രസർക്കാർ, പ്രതിരോധം തീർത്ത് കേരളം’ എന്ന വിഷയത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഭാഷണം നടത്തും. തുടർന്ന് ‘നവകേരളവും സിവിൽ സർവീസിൻ്റെ നവീകരണവും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മന്ത്രി പി. രാജീവ് സംസാരിക്കും.
അവസാന ദിവസമായ 24 ന് സുഹൃദ് സമ്മേളനം ആണ് നടക്കുക. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡൻ്റ് ടി.പി. രാമകൃഷ്ണൻ എം .എൽ.എ. ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുക 931 പ്രതിനിധികളാണ്. ഈ തവണ 302 സ്ത്രീ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.