
എ.ടി.എം കാർഡ് മാതൃകയിൽ പ്രോപ്പർട്ടി കാർഡ് വരുന്നു
- ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ അടങ്ങിയ പ്രോപർട്ടി കാർഡ് 2026 നിലവിൽ വരും-കെ. രാജൻ
കോഴിക്കോട് : സംസ്ഥാനത്തെ റവന്യൂ വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി 2026 ജനുവരിയിൽ എ.ടി.എം കാർഡ് മാതൃകയിൽ പ്രോപ്പർട്ടി കാർഡ് എല്ലാവർക്കും വിതരണം ചെയ്യാനാകുമെന്ന് മന്ത്രി കെ. രാജൻ. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന റവന്യൂ മേഖല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഒരു വ്യക്തിയുടെ കെട്ടിടങ്ങൾ, ടാക്സ്, ഭൂമിയുടെ തരം, വിസ്തൃതി തുടങ്ങിയവ ഉൾപ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളും വിശദാംശങ്ങളും രേഖപ്പെടുത്തുന്ന കാർഡാണ് നിലവിൽ വരുക. ഈ കാർഡിലേക്ക് ഉൾക്കൊള്ളിക്കാവുന്ന മറ്റു വിവരങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്ന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ നയത്തിന്റെ ഭാഗമായി 438 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടന്നു വരികയാണ്. സർവേയുടെ മൂന്നാം ഘട്ടം ഫെബ്രുവരി 14 ഓടെ ആരംഭിക്കും. എൻറെ ഭൂമി ഇൻറഗ്രേറ്റഡ് പോർട്ടൽ പരിധിയിൽ 1000 വില്ലേജുകളിൽ ഈ വർഷം അവസാനമാകുമ്പോഴേക്കും പ്രവർത്തനക്ഷമമാക്കുന്ന പ്രവൃത്തികളാണ് നടന്നു വരുന്നത്.കേരളത്തിലെ ഡിജിറ്റൽ റീസർവേ രാജ്യത്തിന് മാതൃകയാണ് എന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സർവേ ജീവനക്കാർക്കു വേണ്ടി കേന്ദ്രത്തിൻ്റെ ആവശ്യപ്രകാരം ദേശീയ ശില്പശാല നടത്തുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.