
ഐ ഓപ്പറേഷനിൽ എ വിഭാഗത്തിന് ബാങ്ക് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി
- ബ്ലോക്ക് പ്രസിഡൻ്റിനെ സ്ഥാനത്ത് നിന്ന് നീക്കി
കൊയിലാണ്ടി: സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡൻ്റ് നൽകിയ വിപ്പ് ലംഘിച്ച് അംഗങ്ങൾ വോട്ടു ചെയ്തു. അഡ്വ. കെ. വിജയനെയാണ് ഡിസിസി നേതൃത്വം ബാങ്ക് പ്രസിഡൻ്റായി തീരുമാനിച്ചിരുന്നത്. എന്നാൽ എ വിഭാഗക്കാരനായ ബ്ലോക്ക് പ്രസിഡൻ്റ് മുരളീധരൻ തോറാേത്ത് ഐ വിഭാഗക്കാരുടെ പിന്തുണയോടെ മത്സരിച്ച് വിജയിച്ചു. മുരളീധരനെ വെെസ്പ്രസിഡൻ്റാക്കാനായിരുന്നു ഡിസിസി നേതൃത്വമുണ്ടാക്കിയ ധാരണ. ഐ വിഭാഗത്തിലെ സി.പി. മോഹനൻ വെെസ് പ്രസിഡൻ്റുമായി.

ഡിസിസി പ്രസിഡൻ്റിൻ്റെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്നായിരുന്നു ഐ വിഭാഗത്തിൻ്റെ കണക്ക് കൂട്ടൽ. വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ, നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഗ്രൂപ്പ് ചേരിതിരിവാണിപ്പാേൾ പ്രകടമായത്. മുസ്ലീം ലീഗ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. പത്ത് പേർ വോട്ടിങ്ങിൽ പങ്കെടുത്തു. ആറ് വോട്ടുകിട്ടിയ മുരളീധരൻ പ്രസിഡൻ്റായി. ഐ ഗ്രൂപ്പിൻ്റെ ഓപ്പറേഷൻ വിജയിച്ച സ്ഥിതിക്ക് എ വിഭാഗവും കരുനീക്കങ്ങളാരംഭിച്ചുവെന്നാണ് വിവരം. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവരെ പുറത്താക്കണമെന്ന് ഇവർ നേതൃത്വത്താേടാവ ശ്യപ്പെട്ടിട്ടുണ്ട്. എ വിഭാഗത്തിലെ കൂടുതൽ നേതാക്കൾ തങ്ങളുടെ പാളയത്തിലെത്തുമെന്നാണ് മറുപക്ഷത്തിൻ്റെ കണക്ക്കൂട്ടൽ.

നടപടിയുമായി ഡിസിസിനേതൃത്വം
നേതൃത്വത്തെ ധിക്കരിച്ച് ബാങ്ക് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച മുരളീധരൻ തോറാേത്തിനെ കാെയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായി ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. താൽക്കാലിക ചുമതല കെ.പി.സി.സി. മെമ്പർ പി.രത്നവല്ലി ടീച്ചർക്കാണ്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ മൂന്ന് ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.