ഒരു കംപ്ലീറ്റ് കോഴിക്കോടൻ എഴുത്തുകാരൻ

ഒരു കംപ്ലീറ്റ് കോഴിക്കോടൻ എഴുത്തുകാരൻ

അഭിമുഖം – നദീം നൗഷാദ് / അഞ്ജു നാരായണൻ

  • പുതുതലമുറയിലും തിളങ്ങുന്ന എഴുത്തുവാഗ്ദാനങ്ങളുണ്ട് കോഴിക്കോടിന്

ഴുത്തിൻ്റെ പേരിൽ ഖ്യാതിയുടെ ഒരുപാട് കഥകളുണ്ട് കോഴിക്കോടിന് പറയാൻ. നൂറ്റാണ്ടുകൾക്ക് മുമ്പേ ലോക സംസ്കാരം പല കപ്പലുകൾ കയറി കോഴിക്കോടെത്തിയിരുന്നു. തനതായുള്ളതും മറുനാട്ടുകാർ കൊണ്ടുവന്നതും ലയിച്ച്
സവിശേഷമായ ഒരു സാംസ്ക്കാരിക അന്തരീക്ഷം കോഴിക്കോട്ടുണ്ടായി വന്നു. അതിൽ നിന്ന് മികച്ച സാഹിത്യവും കലയും ഉയർന്നുവന്നു മലയാളത്തെ സമ്പന്നമാക്കി.
എസ്.കെ.പൊറ്റക്കാട്, ബഷീർ, എം.ടി, തിക്കോടിയൻ, എൻ.പി. മുഹമ്മദ്, എൻ.എൻ. കക്കാട്, കെ.ടി. ‘മുഹമ്മദ്, പുനത്തിൽ, വത്സല ടീച്ചർ, കെ.പി. രാമനുണ്ണി, യു.കെ. കുമാരൻ, വി.ആർ. സുധീഷ് തുടങ്ങി അങ്ങനെ നീളുന്ന പ്രതിഭകളും, മുഖ്യധാരയിൽ ചേർക്കപ്പെടാത്ത എഴുത്തുകാരും, കോഴിക്കോടിന്റെ മണ്ണിൽ ജനിച്ച് കഥകളായി മാറിയവരുമെല്ലാം മഹത്വത്തിൻ്റെ അവകാശികളാണ്.

പുതുതലമുറയിലും തിളങ്ങുന്ന എഴുത്തുവാഗ്ദാനങ്ങളുണ്ട് കോഴിക്കോടിന്. അതിലൊരാളാണ് ഈ നഗരത്തോട് അത്രമേൽ പ്രണയം സൂക്ഷിക്കുന്ന, മിഠായി മണമുള്ള കോഴിക്കോടിന്റെ ഗാനസ്മൃതികൾ ചേർത്തുവെക്കുന്ന എഴുത്തുകാരൻ നദീം നൗഷാദ്. സാഹിത്യനഗരമായി മാറിയ ചരിത്രവേളയിൽ കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന അഞ്ച് പുസ്തകങ്ങളും ഒരു ഡോക്യൂമെന്ററിയും തയ്യാറാക്കിയിട്ടുള്ള നദീം നൗഷാദുമായി ഒരു സംഭാഷണം.

നദീം നൗഷാദ്

1) മധുരത്തെരുവ് (2022)- (മിട്ടായിത്തെരുവിന്റെ 1960-80 കാലത്തെ ചരിത്രം പറയുന്ന നോവൽ. )

2) മെഹ്ഫിലുകളുടെ നഗരം(2021) (കോഴിക്കോടിന്റെ മെഹ്ഫിൽരാവുകളെ കുറിച്ചും ജനകീയസംഗീത പാരമ്പര്യത്തെ കുറിച്ചുമുള്ള പഠനം)

3) പാടാനോർത്തൊരു മധുരിതഗാനം (2010) (മലയാള പിന്നണി ഗാനരംഗത്തെ ‘ആദ്യത്തെ പുരുഷശബ്ദം’ എന്ന് വിശേഷിപ്പിക്കപ്പെട്ട കോഴിക്കോട് അബ്ദുൾ ഖാദറിനെ കുറിച്ചുള്ള ലേഖനങ്ങൾ എഡിറ്റ് ചെയ്‌ത പുസ്തകം. )

4) നജ്മൽ ബാബു- സംഗീതവും ജീവിതവും (2014) (കേരളത്തിലെ ആദ്യത്തെ ഗസൽ ഗായകനും അബ്ദുൾ ഖാദറിന്റെ മകനുമായ നജ്‌മൽ ബാബുവിനെ കുറിച്ചുള്ള ലേഖനങ്ങൾ എഡിറ്റ് ചെയ്ത പുസ്തകം)

5) സുൽത്താന്റെ ഗ്രാമഫോൺ (2023)- (തലയോലപറമ്പിൽ നിന്ന് വന്ന് കോഴിക്കോട് സ്ഥിരതാമസമാക്കിയ മലയാളിയുടെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ സംഗീതലോകത്തെ കുറിച്ചുള്ള പഠനം. )

6) ദേശ് രാഗത്തിൽ ഒരു ജീവിതം (2008)- (കോഴിക്കോട് അബ്ദുൾ ഖാദറിന്റെ സംഗീതത്തെയും ജീവിതത്തെയും പറ്റി പ്രതിപാദിക്കുന്ന ഡോക്യൂമെന്ററി. )
2008 മുതൽ തുടങ്ങി 2023 വരെ എഴുതിയ ലേഖനങ്ങൾ, പുസ്തകങ്ങൾ, ഡോക്യൂമെന്ററി എന്നിവയിലൂടെ കോഴിക്കോടിൻ്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഈ എഴുത്തുകാരൻ പറയുന്നു.

കോഴിക്കോട് സാഹിത്യ നഗരം എന്ന പദവി നേടിയിരിക്കുകയാണല്ലൊ എങ്ങിനെ കാണുന്നു ഈ നേട്ടത്തെ?.

സാഹിത്യ നഗരം എന്ന രീതിയിൽ കോഴിക്കോട് എപ്പോഴും സജീവമാണ്. എന്നാൽ
മുമ്പുണ്ടായിരുന്നതുപോലുള്ള സാഹിത്യ കൂട്ടായ്മകൾ ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇന്നത്തെ ഒത്തുചേരൽ, പുസ്തക പ്രകാശനങ്ങൾ, ചർച്ചകൾ എന്നിവയിൽ പരിമിതപ്പെടുന്നു. വൈക്കം മുഹമ്മദ് ബഷീർ കോഴിക്കോട്ടേക്ക് താമസം മാറ്റിയ കാലത്ത് എസ്. കെ. ‘പൊറ്റെക്കാട്ടിന്റെ ചന്ദ്രകാന്തത്തിൽ എം. ടി, സുകുമാർ അഴീക്കോട്, എൻ. പി. മുഹമ്മദ്, വി. കെ. എൻ തുടങ്ങി ഒട്ടേറെ എഴുത്തുകാർ ഒത്തുകൂടാറുണ്ടയിരുന്നു. പിന്നീട് കവി ആർ. രാമചന്ദ്രന്റെ നേതൃത്വതിൽ കോലായ ചർച്ചകളിലും എഴുത്തുകാരുടെയും വായനക്കാരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. പഴയ മിഠായിത്തെരുവിലെ വീറ്റ്ഹൗസ്, കെ. ടി. സൈദിന്റെ ലിറിക്സ് കോർണർ, വാസുപ്രദീപിന്റെ പ്രദീപ് ആർട്സ്‌ എന്നിവിടങ്ങളിൽ തിക്കോടിയൻ, ഉറൂബ്, കെ. ടി. മുഹമ്മദ്, കെ. എ. കൊടുങ്ങലൂർ, എന്നിങ്ങനെ ഒട്ടേറെ എഴുത്തുകാർ എത്താറുണ്ടതായിരുന്നു. അത്തരം കൂട്ടായ്മകൾ ഇപ്പോൾ ഇല്ല.

ഉത്തരേന്ത്യൻ സംഗീത ലഹരി പടർന്ന ഒരു കോഴിക്കോട് ഉണ്ടായിരുന്നല്ലോ, ഇപ്പോഴും അങ്ങനെ സജീവമായുണ്ടോ?

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോഴിക്കോട് ഒരുപാട് സംഗീത ക്ലബുകൾ ഉണ്ടായിരുന്നു. ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിലെ ഹൂബ്ലി, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും പാട്ടുകാരെയും ഉപകരണ സംഗീതജ്ഞരെയും കൊണ്ടുവന്ന് ഇവിടെ താമസിപ്പിക്കുമായിരുന്നു. അവരിൽ പലരും തിരിച്ചുപോയില്ല. അൻവർ ഖാൻ, മങ്കേഷ്‌കർ റാവു, ശരത് ചന്ദ്ര മാറാട്ടെ, ദിലീപ് ചന്ദ് ജോഗി എന്നിവർ അവരിൽ പ്രധാനികളാണ്. അവരാണ് കോഴിക്കോട്ടെ ഹിന്ദുസ്ഥാനി സംഗീത പ്രേമം രൂപപ്പെടുത്തിയതിൽ മുഖ്യപങ്ക് വഹിച്ചത്. എന്നാൽ ഇപ്പോൾ ഗസൽ ധാര, ഉസ്‌മാൻ സ്മാരക കലാകേന്ദ്രം എന്നിങ്ങനെ ചിലത് മാത്രമാണ് നിലനിൽക്കുന്നത്. അവയൊന്നും മുമ്പത്തെ പോലെ സജീവവുമല്ല. മലബാർ മഹോത്സവം നടന്ന കാലത്ത് ബിസ്മില്ലാഖാൻ, അംജദ് അലിഖാൻ, രവിശങ്കർ, സക്കിർ ഹുസൈൻ എന്നിങ്ങനെ ഒട്ടേറെ വലിയ സംഗീതജ്ഞർ കോഴിക്കോട് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പല സംഘടനകളും ഹിന്ദുസ്ഥാനി സംഗീത പരിപാടികൾ നടത്താറുണ്ടെങ്കിലും പഴയ കാലവുമായി താരതമ്യം ചെയ്‌താൽ വളരെ കുറവാണ്.

സാഹിത്യ പരിപാടികളും പഴയതുപോലെ നടക്കുന്നുണ്ടോ?

പഴയത് പോലെയുണ്ട്. എങ്കിലും അതിന്റെ രൂപത്തിലും ഭാവത്തിലും കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

മധുരത്തെരുവിൽ മിഠായിത്തെരുവിൻ്റെ 1960-90 കാലത്തെ ചരിത്രമാണല്ലോ പറയുന്നത്. ആ കാലത്തെ ജീവിതങ്ങളെ എങ്ങനെ അറിയാൻ സാധിച്ചു, ആ കാലം തിരഞ്ഞെടുക്കാനുള്ള കാരണം?

ആ കാലത്തെ അറിയാൻ പ്രധാനമായും എന്നെ സഹായിച്ചത് ലത്തീഫ് സ്റ്റെർലിങ് എന്ന വ്യക്തിയാണ്. അദ്ദേഹം മിട്ടായിത്തെരുവിൽ സ്റ്റെർലിങ് എന്നപേരിൽ ഒരു തയ്യൽ കട നടത്തിയിരുന്നു. ലത്തീഫ്ക്ക പറഞ്ഞു തന്ന കഥകളാണ് എന്നെ മധുരത്തെരുവ് എഴുതാൻ പ്രേരിപ്പിച്ചത്. നോവലിലെ കേന്ദ്ര കഥാപാത്രമായ അബുവിന് ഇപ്പോൾ 75 വയസ്സ് കഴിഞ്ഞു. ലത്തീഫ്ക്കയ്ക്കും അതേ പ്രായമാണ്. അദ്ദേഹം പറഞ്ഞു തന്ന കഥകളും അതേകാലത്ത് ജീവിച്ച മറ്റുള്ളവരുടെ അനുഭവകഥകളും കോഴിക്കോടിനെപ്പറ്റി എഴുതപ്പെട്ടവയും എൻ്റെ ഭാവനയും ചേർന്നപ്പോൾ നോവലായി മാറി. അതിനുമുമ്പുള്ള കാലം എസ് കെ പൊറ്റെക്കാടിന്റെ ഒരു തെരുവിന്റെ കഥയിൽ പറയുന്നുണ്ട് അതാണ് 1960 -90 കാലം തിരഞ്ഞെടുക്കാൻ കാരണം.

നാളത്തെ കോഴിക്കോട് എങ്ങനെ വേണമെന്നാണ് ആഗ്രഹിക്കുന്നത്?

കോഴിക്കോട് ജീവിച്ച് മരിച്ചുപോയ ഒട്ടേറെ അസാമാന്യ കലാകാരന്മാർ ഉണ്ട്. അവർ സാഹിത്യത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. സംഗീതം, നാടകം, ചിത്രകല, എന്നിവയിലും ഉണ്ട്. അവരുടെ കലാ സംഭാവനകൾ രേഖപ്പെടുത്തി വെയ്‌ക്കേണ്ടതുണ്ട്. എം. എസ് ബാബുരാജ്, കോഴിക്കോട് അബ്ദുൾ ഖാദർ തുടങ്ങിയ പാട്ടുകാരുടെ അമൂല്യമായ പല പാട്ടുകളും നഷ്ട്ടപെട്ടു പോയിട്ടുണ്ട്. അവശേഷിക്കുന്നവ ശേഖരിച്ച് ഒരു മ്യൂസിയം പണിയണം. വൈക്കം മുഹമ്മദ് ബഷീറിനും ബാബുരാജിനും സ്മാരകം വേണം. വലിയ കലാകാരന്മാർ നൽകിയ സംഭാവനകൾ വരും തലമുറ അറിയണം. അതിനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )