ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനം മുഴുവൻ ഓടാം
- 3 തരം പെർമിറ്റ് അനുവദിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ്, സിറ്റി, ഇൻ്റർ ഡിസ്ട്രിക്ട് എന്നിങ്ങനെ മൂന്ന് തരം പെർമിറ്റുകൾ നൽകുന്ന കാര്യം ഗതാഗത വകുപ്പിൻ്റെ പരിഗണനയിൽ. അടുത്ത ട്രാൻസ്പോട്ട് അതോറിട്ടി യോഗത്തിൽ ഇതിൽ അന്തിമ തീരുമാനമാകും.

ഓരോ പെർമിറ്റിനും വെവ്വേറെ നിറം നൽകും. സ്റ്റേറ്റ് പെർമിറ്റ് നൽകുന്നതിനെ എതിർത്ത സിഐടിയു സംസ്ഥാന നേതൃത്വം എതിർപ്പിൽ നിന്നു പിൻമാറി. പെർമിറ്റ് അനുവദിക്കുന്നതിൽ അവർ മന്ത്രി ഗണേശ്കുമാറുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടു വച്ച ആശയങ്ങൾ കൂടി പരിഗണിച്ചിരുന്നു. സംസ്ഥാന പെർമിറ്റ് അനുവദിക്കുന്നതിന്റെ ഭാഗമായി നികുതി വർദ്ധിപ്പിക്കരുതെന്നതായിരുന്നു കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ‌് ഫെഡറേഷന്റെ (സിഐടിയു)ആവശ്യങ്ങളിലൊന്ന്. സ്റ്റേറ്റ് പെർമിറ്റ് ആവശ്യക്കാർക്ക് മാത്രം നൽകണം. സ്റ്റേറ്റ് പെർമിറ്റിന് താത്പര്യമില്ലാത്തവർക്ക് സ്വന്തം ജില്ലയോട് ചേർന്നുള്ള ജില്ലയിൽ പൂർണമായി സഞ്ചരിക്കാൻ അനുമതി നൽകും.