
ഓപ്പറേഷൻ കാഴ്‌ച തുടങ്ങി: ഡ്രൈവർമാരുടെ കാഴ്‌ച മറയ്ക്കുന്ന ബോർഡുകൾ നീക്കി
- വിവിധ വകുപ്പുകളിൽ നിന്നു പൊലീസിനൊപ്പം നൂറിലേറെ ജീവനക്കാർ പങ്കെടുത്തു
കോഴിക്കോട്: റോഡ് അപകട സാധ്യത കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പൊലീസിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്നു നടപ്പാക്കുന്ന ‘ഓപ്പറേഷൻ കാഴ്ച്‌ച’ പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തിൽ തൊണ്ടയാട് ബൈപാസ് ജംക്‌ഷൻ മുതൽ മാവൂർ വരെയുള്ള 22 കിലോമീറ്റർ റോഡിൽ ഡ്രൈവർമാരുടെ കാഴ്‌ച മറയ്ക്കുന്ന ദിശാ ബോർഡുകൾ, മരച്ചില്ലകൾ, അനുബന്ധ സാമഗ്രികൾ എന്നിവ നീക്കം ചെയ്തു. വിവിധ വകുപ്പുകളിൽ നിന്നു പൊലീസിനൊപ്പം നൂറിലേറെ ജീവനക്കാർ പങ്കെടുത്തു. മരച്ചില്ലകൾ വെട്ടിനീക്കി, പൊടിപിടിച്ച ദിശാ ബോർഡുകൾ കഴുകി വൃത്തിയാക്കി. ബാരിക്കേഡില്ലാത്ത ഭാഗത്തു പുതിയതു സ്ഥാപിച്ചു. രാത്രി യാത്ര സുഗമമാക്കുന്ന ബോർഡ് റിഫ്ലക്‌ടറും സജ്‌ജമാക്കി.

തൊണ്ടയാട് ജംക്‌ഷനിൽ നിന്ന് ആരംഭിച്ച പ്രവൃത്തി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ ഫ്ലാഗ് ഓഫ് ചെയ്‌തു. ട്രാഫിക് അസി. കമ്മിഷണർ കെ.എ.സുരേഷ് അധ്യക്ഷത വഹിച്ചു. എ.ഉമേഷ്, കോർപറേഷൻ സ്‌ഥിരം സമിതി അധ്യക്ഷ എസ്.ജയശ്രീ, ഫോറസ്‌റ്റ് അസി. കൺസർവേറ്റർ സത്യപ്രഭ, കെഎസ്ഇബി ഓവർസീയർ എ.അജയൻ, പിഡബ്ല്യുഡി റോഡ് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരായ പി.കെ.രഞ്ജി, പി.ഷിജിത്ത്, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ എം.ശൈലേഷ് എന്നിവർ പ്രസംഗിച്ചു.