
ഓപ്പൺബുക്ക് പരീക്ഷണം കേരള സിലബസിലും
- എട്ട്, ഒമ്പത് ക്ലാസുകളിലെ അർധവാർഷിക പരീക്ഷയിൽ ഇതിനു തയ്യാറെടുക്കുകയാണ് വിദ്യാഭ്യാസവകുപ്പ്
കേരള സിലബസിലും ഓപ്പൺബുക്ക് പരീക്ഷണം നടത്തുന്നു. സി.ബി.എസ്.ഇ. സ്കൂളുകളിൽ ഈ വർഷം നടപ്പാക്കുന്ന ‘ഓപ്പൺബുക്ക് എക്‌സാം’ (പുസ്തകം തുറന്നു വെച്ചെഴുതുന്ന പരീക്ഷ) കേരള സിലബസിലും പരീക്ഷിക്കാൻ ഒരുങ്ങി വിദ്യാഭ്യാസവകുപ്പ്. എട്ട്, ഒമ്പത് ക്ലാസുകളിലെ അർധവാർഷിക പരീക്ഷയിൽ ഇതിനു തയ്യാറെടുക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. ആദ്യ ഘട്ടം നടപ്പാക്കുന്നത് ശാസ്ത്രം, സാമൂഹികശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ആവും. എസ്.സി.ഇ.ആർ.ടി പരീക്ഷയ്ക്കുള്ള മാർഗരേഖ തയ്യാറാക്കും. ഈ പരീക്ഷകളുടെ ലക്ഷ്യം കുട്ടികളുടെ അപഗ്രഥനശേഷിയും വിമർശനചിന്തയും പോഷിപ്പിക്കുക എന്നതാണ്.
ഉത്തരമെഴുതാൻ പാഠപുസ്തകത്തിനുപുറമേ, നോട്ട് ബുക്ക് ഉൾപ്പെടെ ക്ലാസുകളിലെ മറ്റു പഠനസാമഗ്രികളെയും ആശ്രയിക്കാം. സി.ബി.എസ്.ഇ. ഒമ്പത്, പത്ത് ക്ലാസുകളിലെ ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ്, 11, 12 ക്ലാസുകളിലെ ബയോളജി, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളിൽ ഈ വർഷം ഈ പരീക്ഷാരീതി നടപ്പാക്കും.