
ഓൺലൈൻ മാധ്യമങ്ങൾക്ക് തടയിടാൻ സിനിമാ നിർമ്മാതാക്കൾ
- ആറ് നിർദേശങ്ങളാണ് ഓൺലൈൻ മാധ്യമങ്ങളുടെ അക്രഡിറ്റേഷനുവേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയത്
കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ കവർ ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കാൻ നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സസ് അസോസിയേഷൻ. അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും മരണവീട്ടിൽ പോലും താരങ്ങളെ ക്യാമറയുമായി പിന്തുടരുന്നതും അടക്കമുള്ള സമീപനമാണ് നിർമ്മാതാക്കൾ ചൂണ്ടികാട്ടുന്നത്.
ഓൺലൈൻ മാധ്യമ പ്രവർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
അക്രഡിറ്റേഷനുവേണ്ടി സിനിമാ നിർമ്മാതാവുമായി ചേർന്ന് പ്രവർത്തിക്കുന്ന മാധ്യമങ്ങൾ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
കൂടാതെ സിനിമാ വ്യവസായത്തിന്റെ ഭാഗമായ അംഗീകൃത പിആർഒയുടെ കവറിംഗ് ലെറ്റർ ഹാരജാക്കണം തുടങ്ങി ആറ് നിർദേശങ്ങൾ ഓൺലൈൻ മാധ്യമങ്ങളുടെ അക്രഡിറ്റേഷനുവേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയിട്ടുണ്ട്. 20 ന് ഉള്ളിൽ ഫിലിം പ്രൊഡ്യൂസേഴ്സസ് അസോസിയേഷനിലാണ് ഇത് സംബന്ധിച്ച അപേക്ഷകൾ സമർപ്പിക്കേണ്ടത്.