
കക്കയം ഡാം സേഫ്റ്റി ഓഫിസിൽ ഉദ്യോഗസ്ഥരുടെ കുറവ് ഡാമിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു
- മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തേണ്ട സമയത്ത് പ്രധാന തസ്തികയിൽ ഉദ്യോഗസ്ഥനെ നിയമിക്കാത്തത് പ്രശ്നമാകുകയാണ്.
കക്കയം:കെഎസ്ഇബി കക്കയം ഡാം സേഫ്റ്റി ഓഫിസിൽ ഉദ്യോഗസ്ഥരുടെ കുറവ് ഡാമിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക ഉയരുന്നു. കക്കയം ഡാം സൈറ്റ് ഗേറ്റിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് ഒരാഴ്ച മുൻപാണ് ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള ഡാം ഷട്ടർ മേഖലയിലേക്ക് മാറ്റിയത്. ബാണാസുര സാഗർ ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ കീഴിലാണ് കക്കയം ഡാം സേഫ്റ്റി ഓഫിസ്. കക്കയത്ത് ഓഫിസിന്റെ മേധാവി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ കഴിഞ്ഞ 4 മാസമായി ഉദ്യോഗസ്ഥൻ ഇല്ല.
പകരം അസിസ്റ്റന്റ് എൻജിനീയർക്ക് ചാർജ് നൽകിയിരിക്കുകയാണ്. ഹൈഡൽ ടൂറിസം ചാർജും ഈ അസിസ്റ്റന്റ് എൻജിനീയർ തന്നെയാണ് വഹിക്കുന്നത്.മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തേണ്ട സമയത്ത് പ്രധാന തസ്തികയിൽ ഉദ്യോഗസ്ഥനെ നിയമിക്കാത്തത് പ്രശ്നമാകുകയാണ്. മഴയത്ത് ഡാമിലെ ജലനിരപ്പ് വർധിച്ച് ഡാം തുറക്കുന്നതും മുൻകരുതൽ നടപടികൾ ഏകോപിപ്പിക്കുന്നതും ഈ ഡാം സേഫ്റ്റി ഓഫിസാണ്.