
കടലുണ്ടിക്കടവ് പാലം അപകട ഭീഷണിയിൽ
- ചരക്ക് വാഹന ങ്ങൾക്ക് നിരോധനം
ഫറോക്ക്: കടലുണ്ടിക്കടവ് പാലത്തിൽ അപകടഭീഷണിയെ തുടർന്ന് ഭാരമേറിയ ചരക്കുവാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഒന്നര പതിറ്റാണ്ട് മാത്രം പഴക്കമുള്ള പാലത്തെ താങ്ങിനിർത്തുന്ന തൂണുകളുടെ കോൺക്രീറ്റ് അടർന്നുവീണു.കൂടാതെ കമ്പികൾ ദ്രവിച്ച് പാലം അപകടനിലയിലാണ്. ഈ പാലം വഴി നൂറുകണക്കിനു വാഹനങ്ങളാണ് സഞ്ചരിക്കുന്നത്.
പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം വിദഗ്ധ പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് (കെഎച്ച്ആർഐ) അധികൃതർ അടർന്ന ഭാഗം പൊട്ടിച്ചെടുത്ത് പുത്തൻ സാങ്കേതിക വിദ്യയിൽ സ്റ്റീൽ നെറ്റ് വിരിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്തിരുന്നു. ഇതും അടർന്നുവീണതോടെയാണ് ആളുകൾക്ക് പേടിയാവുന്നത്.
പാലത്തിലൂടെ സഞ്ചരിക്കേണ്ട ഭാരമേറിയ ചരക്ക് വാഹനങ്ങൾ ഫറോക്ക്-മണ്ണൂർ- കോട്ടക്കടവ്- അത്താണിക്കൽ-ആനങ്ങാടി വഴിയോ ഫറോക്ക്-കരുവൻതിരുത്തി-ചാലിയം-കടലുണ്ടി-കോട്ടക്കടവ്-അത്താണിക്കൽ-ആനങ്ങാടി വഴിയോ കടന്നുപോകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.