കടലുണ്ടി പഞ്ചായത്തിൽ കടലാക്രമണം

കടലുണ്ടി പഞ്ചായത്തിൽ കടലാക്രമണം

  • ഈ പ്രദേശങ്ങളിൽ ചെറിയ രീതിയിൽ ഒരു തിര അടിച്ചാൽ പോലും കരയിലേക്കു വെള്ളം വരുന്ന അവസ്‌ഥയാണ്

കടലുണ്ടി :പഞ്ചായത്ത് തീരപ്രദേശങ്ങളിൽ ശക്‌തമായ കടലാക്രമണം ഉണ്ടായി. തിരമാലകൾ അടിച്ചു കയറിയത് 10 മീറ്ററോളം ഉയരത്തിലാണ്. കടലുണ്ടിക്കടവ് മേഖലയിൽ 5 വീടുകളിൽ വെള്ളം കയറുകയും ചെയ്തു. കല്ലും മാലിന്യവും അടിഞ്ഞതിനെ തുടർന്ന് തീരദേശ റോഡിൽ ഗതാഗതം തടസ്സമായി . ഭിത്തി കവിഞ്ഞു തീരത്തെ വീട്ടുവളപ്പിലേക്ക് വെള്ളം കയറിയതോടെ ജനങ്ങൾ പേടിച്ചു. ബൈത്താനി നഗർ തീരദേശ റോഡിൽ മുട്ടറ്റം ഉയരത്തിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ആയി. ചാലിയം കോട്ടക്കണ്ടി, കടുക്ക ബസാർ, ബൈത്താനി നഗർ, കപ്പലങ്ങാടി, വലിയാൽ, വാക്കടവ്, കടലുണ്ടിക്കടവ് എന്നീ പ്രദേശങ്ങളിൽ സ്‌ഥിതി രൂക്ഷമായിരുന്നു. കടൽഭിത്തിയ്ക്ക് ഉയരം കുറവുള്ള പരിസരങ്ങളാണ് ബൈത്താനി നഗർ, കപ്പലങ്ങാടി വലിയാൽ തുടങ്ങിയവ. ഈ പ്രദേശങ്ങളിൽ ചെറിയ രീതിയിൽ ഒരു തിര അടിച്ചാൽ പോലും കരയിലേക്കു വെള്ളം വരുന്ന അവസ്‌ഥയാണ്.

വാക്കടവ് മുതൽ കടലുണ്ടിക്കടവ് വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും ഭിത്തി തകർന്നത് കാരണം ഇവിടങ്ങളിൽ വെള്ളം കയറുന്നുണ്ട്. കടലിൽ 50 മീറ്റർ ദൂരത്തിൽ ചെറിയ തരത്തിലുള്ള പുലിമുട്ടുകൾ നിർമിച്ചാൽ മാത്രമേ തീരത്തു പതിവായുള്ള കടലാക്രമണം പരിഹരിക്കാൻ കഴിയുള്ളൂ. കൂടാതെ കടൽഭിത്തി ഉയരം കൂട്ടി ബലപ്പെടുത്തണമെന്ന ആവശ്യവും തീരദേശവാസികൾ ഉന്നയിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, പഞ്ചായത്ത് അംഗം ഹക്കീമ മാളിയേക്കൽ, ഇറിഗേഷൻ അസി. എൻജിനീയർ എ.ബിനേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )