
കടുവയെ കണ്ടെന്ന് അഭ്യൂഹം; ഉദ്യോഗസ്‌ഥർ പരിശോധന നടത്തി
- കടുവയുടേതെന്ന് കരുതുന്ന ഒരടയാളവും കണ്ടെത്താനായിട്ടില്ല
ഉള്ളിയേരി :കൂമുള്ളിയിൽ കടുവയെ കണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കടുവയുടേതെന്ന് കരുതുന്ന ഒരടയാളവും കണ്ടെത്താനായിട്ടില്ല .
ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും ആർആർടി സംഘവും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും കാൽപാട് പോലും കണ്ടെത്താൻ പറ്റിയിട്ടില്ല . തുടർന്ന് രണ്ട് ക്യാമറകൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
സെയ്തു മുഹമ്മദിന്റെ വീടിനടുത്തായാണ് കടുവയെ കണ്ടെന്ന് പറയുന്നത്. തിങ്കളാഴ്ച് രാത്രി 11 മണിയോടെ പറമ്പിൽ കാടിളകുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ പരിസരവാസിയായ സായ് സൂരജ് വലിയ ഒരു ജീവിയെ കണ്ടു.തുടർന്ന് ഇതിന്റെ ചിത്രവും മൊബൈലിൽ എടുത്തു . അതിന് കടുവയുമായി സാമ്യമുണ്ട്.
നാട്ടുകാർ ഈ വിവരം പോലീസിനേയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചതിനെതുടർന്ന് ഇവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഇന്നലെ പകലും തിരച്ചിൽ നടത്തിയെങ്കിലും കടുവയുടേതായി ഒന്നും കാണാൻ പറ്റിയിട്ടില്ല .എന്നാൽ നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.