
കരിപ്പൂരിൽ ഐഎൽഎസ് സംവിധാനം പ്രവർത്തനം ആരംഭിച്ചു
- പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാം
കരിപ്പൂർ :കാലാവസ്ഥയിലെ പ്രതികൂലസാഹചര്യങ്ങളിലും വിമാനം ഇറക്കാൻ സഹായിക്കുന്ന ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം അഥവാ ഐഎൽഎസ് കോഴിക്കോട് വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു. അറ്റകുറ്റപ്പണികൾക്കായി ഒരുമാസത്തിലേറെയായി താത്കാലികമായി നിർത്തിവെച്ചതായിരുന്നു.പ്രതികൂല കാലാവസ്ഥയിൽ, വിമാനങ്ങളിലെ പൈലറ്റുമാർക്ക് കൃത്യമായ വിവരങ്ങൾ നൽകി സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനാണ് ഐഎൽഎസ് സ്ഥാപിക്കുന്നത്.
കരിപ്പൂരിൽ ഐഎൽഎസിൻ്റെ സഹായത്തോടെ 1200 മീറ്റർ ഉയരത്തിൽ റൺവേ കണ്ടാൽ വിമാനം ഇറങ്ങാനാകും. ഐഎൽഎസ് ഇല്ലെങ്കിൽ 2500 മീറ്റർ ഉയരത്തിൽ നിന്ന് റൺവേ കാണണം.ഗ്ലൈഡ് പാത്തിൽ പ്രധാനപ്പെട്ട അറ്റകുറ്റപ്പണി പൂർത്തിയാക്കുകയും പുതിയ ഡിഎംഐ യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു. വിമാനത്താവള അതോറിറ്റിയുടെ ഡൽഹിയിലെ റേഡിയോ കൺസ്ട്രക്ഷൻ ആൻഡ് ഡിവലപ്മെന്റ് യൂണിറ്റാണ് ഡിഎംഐ കരിപ്പൂരിൽ സ്ഥാപിച്ചത്.

രണ്ടു വർഷംവരെയാണ് ഐഎൽഎസിന് പ്രവർത്തനാനുമതി. ഡൽഹിയിൽനിന്ന് ഫ്ലൈറ്റ് ഇൻസ്പെക്ഷൻ യൂണിറ്റിലെ കാലിബറേഷൻ വിമാനം എത്തി വിവിധ പരിശോധനകൾ പൂർത്തിയാക്കിയശേഷമാണ് ഐഎൽഎസ് പ്രവർത്തി തുടങ്ങിയത്.