
കലത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് ജനകീയ ദുരന്തനിവാരണ സേന
- രണ്ടു വയസ്സുകാരിയായ കുട്ടിയാണ് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ കുടുങ്ങിയത്.
കോഴിക്കോട് : കുറ്റ്യാടി അടുക്കത്ത് നടുക്കണ്ട വീട്ടിൽ ജമാലിന്റെ രണ്ടു വയസ്സുകാരിയായ മകളാണ് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ കുടുങ്ങിയത്. അടുക്കള ഭാഗത്ത് ഏറെനേരമായി കുട്ടി കളിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും പിന്നീട് നിലവിളി കേട്ടാണ് കുട്ടിയുടെ അടുത്തെത്തിയതെന്നും രക്ഷിതാക്കൾ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ രക്ഷിതാക്കൾ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയുടെ അവസ്ഥ കൂടുതൽ വഷളാകുന്നു എന്നു കണ്ട ഇവർ ഉടൻ തന്നെ ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് സേന എത്തുകയും കലം മുറിച്ചു കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. ദീർഘനേരത്തെ പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുഞ്ഞബ്ദുള്ള, മാവുള്ളക്കണ്ടി അഷറഫ്, അജ്നാസ്, കല്ലൂക്കര പറമ്പിൽ റാഷി തുടങ്ങിയവരാണ് രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നത്.
