
കല്പറ്റ നാരായണൻ;സാംസ്ക്കാരിക പ്രതിപക്ഷത്തിൻ്റെ നായകൻ- സുനിൽ.പി. ഇളയിടം
- കല്പറ്റ നാരായണന് കൊയിലാണ്ടിയുടെ സ്നേഹാദരം
കൊയിലാണ്ടി: കവിതാഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടി പൗരാവലി ആദരിച്ചു. ‘ഒരു പുക കൂടി ‘ എന്ന കല്പറ്റക്കവിതയുടെ രംഗാവിഷ്ക്കാരത്തോടെ പരിപാടി ആരംഭിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം പരിപാടി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി നഗരസഭ മുൻ അദ്ധ്യക്ഷയും ശ്രദ്ധ നിർവ്വാഹക സമിതി അംഗവുമായ
കെ. ശാന്ത സ്വാഗതമാശംസിച്ചു. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ വിജയരാഘവൻ ചേലിയ അധ്യക്ഷത വഹിച്ചു.

വ്യവസ്ഥിതിക്കും മുഖ്യധാരക്കും അപ്രിയനാവാനുള്ള ധൈര്യം കൽപ്പറ്റയെ
വ്യത്യസ്ഥനാക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുനിൽ.പി. ഇളയിടം പറഞ്ഞു. “എൻ്റെ കാവ്യാഭിരുചിയേയും ധാരണകളെയും സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ് മാഷ്. യാഥാർത്ഥ്യത്തിൻ്റെ വൈരുധ്യങ്ങളെ കാണാനുള്ള ശ്രദ്ധയാണ് കല്പറ്റയുടെ എഴുത്തിൻ്റെ സവിശേഷത. 30 വർഷത്തിലേറെയായി കല്പറ്റയുടെ എഴുത്തിനെ ഞാൻ പിന്തുടരുന്നു. ഒരു കവിയെ ആദരിക്കാനായി കൊയിലാണ്ടിയിൽ ഇത്രയും പേർ ഒത്തുചേരുന്നു എന്നത് എത്രയോ പ്രധാനമാണ്. ഞാൻ ഏറ്റവും കൂടുതൽ ഉദ്ധരിക്കുന്ന കവികളിൽ ഒരാൾ കൽപ്പറ്റ മാഷാണ്. കല്പറ്റ മാഷ്ക്ക് കാൽ നൂറ്റാണ്ട് മുമ്പെങ്കിലും അക്കാദമി അവാർഡ് കിട്ടേണ്ടതായിരുന്നു.
ഒരാളും ഉടനീളം ഒരാളല്ല
ഒരാളും ഉടനീളം അയാളല്ല – എന്നതുപോലെ കല്പറ്റ മാഷുടെ കവിതയിലെ വാക്ക് അടഞ്ഞുകിടക്കുന്ന ഒന്നല്ല. അത് തുറന്നതും വിശാലവും യോജിപ്പും വൈരുധ്യങ്ങളും ഉൾച്ചേർന്ന ഒന്നാണ്. പല പല അടരുകളുള്ളതാണ് ആ കവിത. വർത്തമാനം മറച്ചു വെക്കുന്നവയെ കാണുന്നതാണ് സമകാലികത. മാഷുടെ കവിത സമകാലികതയിൽ വേരാഴ്ത്തി നിൽക്കുന്നു. കല്പറ്റ നമ്മുടെ കവിതയെ വളരെ മുന്നോട്ട് കൊണ്ടുപോയി – ഉദ്ഘാടന പ്രസംഗത്തിൽ സുനിൽ.പി. ഇളയിടം പറഞ്ഞു.
പ്രശസ്ത ഗായകൻ വി.ടി.മുരളി കല്പറ്റ നാരായണന് പുരസ്കാരശില്പം സമ്മാനിച്ചു.
“ഒരു കവി, എഴുത്തുകാരൻ ഇങ്ങനെയൊക്കെ പറയേണ്ടതുണ്ടോ എന്ന് തോന്നുമാറ് ഉറച്ച നിലപാടുകൾ പ്രകടിപ്പിക്കുന്ന കവിയാണ് നാരായണൻ മാഷ്. നമ്മൾ ഓരോരുത്തർക്കും ‘എൻ്റെ സ്വന്തം ആൾ’ എന്നാണ് കൽപ്പറ്റയേക്കുറിച്ച് തോന്നുക.” വി.ടി. മുരളി പറഞ്ഞു.
എഴുത്തുകാരനും പ്രഭാഷകനുമായ രാജേന്ദ്രൻ എടത്തുംകര മുഖ്യപ്രഭാഷണം നടത്തി.
കൊയിലാണ്ടിയിൽ നിന്ന് കൈ നീട്ടിയപ്പോൾ എനിക്കേറെ കിട്ടി – കല്പറ്റ നാരായണൻ
മൂന്ന് ചോദ്യങ്ങളാണ് ഞാൻ നിരന്തരം കേൾക്കേണ്ടി വരുന്നതെന്ന് മറുപടി പ്രസംഗത്തിൽ കല്പറ്റ നാരായണൻ പറഞ്ഞു. കൊയിലാണ്ടിയിലാണ് കാണപ്പെടുന്നത്. എന്നാൽ എഴുതുമ്പോൾ കല്പറ്റയിലാണ് ?. രണ്ടാമത്തേത് – എന്തുകൊണ്ടാണ് കവിതയും നോവലും നിരൂപണവും എഴുതുന്നത് ?.
മൂന്നാം ചോദ്യം – അപ്രിയ സത്യങ്ങൾ ഇത്രയേറെ പറഞ്ഞ് വിരോധം സമ്പാദിക്കുന്നത് എന്തിനാണ് ?

എൻ്റെ അബോധം കൽപ്പറ്റയിലും സുബോധം കൊയിലാണ്ടിയിലുമാണ്. ഞാൻ എഴുതിയതൊക്കെ കൊയിലാണ്ടിയിൽ വെച്ചാണ്. കൊയിലാണ്ടി എൻ്റെ പ്രചോദനമാണ്. കൊയിലാണ്ടിയിൽ നിന്ന് കൈ നീട്ടിയപ്പോൾ എനിക്കേറെ കിട്ടി – ഇതാണ് ആദ്യത്തെ ചോദ്യത്തിൻ്റെ മറുപടി.
വയനാട്ടിലെ ചെറിയ കൃഷിയിടത്തിൽ നെല്ലും കാപ്പിയും വാഴയും ചേമ്പും ഒക്കെയുണ്ടായിരുന്നു. അവയെല്ലാം നന്നായി വിളയണമായിരുന്നു, ജീവിച്ചു പോവാൻ.
ഭാഷ എന്ന കൃഷിയിടത്തിൽ പല വിളകൾ വേണമല്ലൊ. അതു കൊണ്ട് കവിതയും നിരൂപണവും നോവലും മറ്റു പലതും എഴുതുന്നു.

ഇന്ത്യയിൽ അപ്രിയ സത്യം പറഞ്ഞേ പറ്റൂ. പൂച്ചയേയും എലിയേയും പറ്റി എഴുതിയാലും ഇവിടെ അത് ഫാസിസ്റ്റ് വിരുദ്ധ കവിതയാകുന്നു. കാലം കൈ പിടിച്ചെഴുതിച്ച് കവിതയെ ഇങ്ങനെയാക്കുന്നു. സംഘാടകരായ ശ്രദ്ധ സാമൂഹ്യപാഠശാല, കൊയിലാണ്ടിയ്ക്ക് സ്നേഹം, നന്ദി.” -കല്പറ്റ നാരായണൻ പറഞ്ഞു.
കവി സത്യചന്ദ്രൻ പൊയിൽക്കാവ്, യു.കെ.രാഘവൻ മാസ്റ്റർ, മോഹനൻ നടുവത്തൂർ, വിജേഷ് അരവിന്ദ്, ശിവദാസ് പൊയിൽക്കാവ്, ടി.ടി. ഇസ്മയിൽ, അജയ് ആവള, ഡോ.എൻ.വി.സദാനന്ദൻ, അബ്ദുൾ റഹിമാൻ.വി.ടി, ശിഹാബുദ്ദീൻ.എസ്.പി.എച്ച്,
എൻ.വി.ബിജു, വിനയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ കലാ-സാംസ്ക്കാരിക സംഘടനകളും കല്പറ്റ നാരായണനെ വേദിയിൽ ആദരിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ എൻ.കെ. മുരളി നന്ദി പ്രകാശിപ്പിച്ചു.
