
കല്ലായിപ്പുഴയ്ക്ക് ആഴം കൂടും; നവീകരണ പ്രവർത്തി ചൊവ്വാഴ്ച ആരംഭിയ്ക്കും
- നവീകരണം നടക്കുക 12.98 കോടി ചെലവിൽ
കോഴിക്കോട്: കല്ലായിപ്പുഴയിൽ അടിഞ്ഞ മണ്ണ് മാറ്റി ആഴം കൂട്ടാനുള്ള നടപടി വേഗത്തിൽ. 12.98 കോടിയുടെ പ്രവൃത്തി ഉദ്ഘാടനം 22ന് നടത്താനും തുടർന്ന് എത്ര ചളിയും മണ്ണു നീക്കണമെന്ന് കണ്ടെത്താനുള്ള സർവേ ഒന്നരമാസം കൊണ്ട് പൂർത്തിയാ ക്കാനും തീരുമാനമായി. സർവേക്ക് മുമ്പ് പുഴയിലെ മരത്തടികൾ കച്ചവടക്കാർ തന്നെ മാറ്റാമെന്നും ഇത് സംബന്ധിച്ച് കോർപറേഷൻ ഓഫിസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി . ചൊവ്വാഴ്‌ച വൈകീട്ട് നാലിന് മന്ത്രി റോഷി അഗസ്റ്റിൻ പ്രവൃത്തി ഉദ്ഘാടനം നടത്തും.

സർവേയും ചളി നീക്കലുമടക്കം ഒരു കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. മാങ്കാവ് കടുപ്പിനി മുതൽ കോതി അഴിമുഖം വരെ 4.2 കി.മീറ്റർ ചളിയെടുത്ത് ആഴം കൂട്ടാൻ വെസ്റ്റ്കോസ്റ്റ് ഡ്രഡ്ജിങ് കമ്പനിക്കാണ് കരാർ. ആറ് പ്രാവശ്യം ടെൻഡർ ചെയ്തശേഷമാണ് കമ്പനിയെ ചുമതലയേൽപ്പിച്ചത്. പുഴയിൽ നിന്നെടുക്കുന്ന ചളി കടലിലാണ് ഇടുക. പ്ലാസ്റ്റിക്കടക്കമുള്ള മറ്റ് മാലിന്യം കോർപറേഷൻ ആഭിമുഖ്യത്തിൽ സംസ്‌കരിക്കും. കടലിൽ ചളി നിക്ഷേപിക്കുന്നതിനെപ്പറ്റി നേരത്തേ സിഡബ്ല്യു, ആർഡിഎം പഠനം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പദ്ധതിക്ക് അനുമതിയായത് കോർപറേഷൻ 5.07 കോടി കൂടി നൽകിയശേഷമാണ്. കല്ലായിപ്പുഴ നവീകരണത്തിന് 5,07,70446 രൂപ കൂടി പ്രവൃത്തിയുടെ ചുമലയുള്ള ഇറിഗേഷൻ വകുപ്പിന് കൈമാറാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.