
കാട് വെട്ടിയില്ല; കക്കയം ഡാം സൈറ്റ് റോഡിൽ യാത്രക്കാർ ദുരിതത്തിൽ
- മരക്കൊമ്പുകൾ ഉൾപ്പെടെ റോഡിലേയ്ക്ക് നിൽക്കുന്നതു വാഹനങ്ങൾക്കു തടസ്സമാകുന്നു
കൂരാച്ചുണ്ട്: ടൂറിസ്‌റ്റ് കേന്ദ്രമായ കക്കയം ഡാം സൈറ്റിലേയ്ക്ക് എത്താനുള്ള ഏക വഴിയായ കക്കയം ഡാം സൈറ്റ് റോഡരികിലെ കാട് വെട്ടിമാറ്റാത്തതു കാരണം വിനോദ സഞ്ചാരികൾക്കും വാഹന യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. ദിവസേന നൂറുകണക്കിനു ടൂറിസ്‌റ്റുകൾ കക്കയത്തു നിന്നും 14 കിലോമീറ്ററോളം സഞ്ചരിച്ച് ഡാം സൈറ്റിൽ എത്തുന്നുണ്ട്.പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പാതയുടെ ഇരുഭാഗത്തും കാട് നിറഞ്ഞ നിലയിലാണ് ഉള്ളത്.

കൂടാതെ മരക്കൊമ്പുകൾ ഉൾപ്പെടെ റോഡിലേയ്ക്ക് നിൽക്കുന്നതു വാഹനങ്ങൾക്കു തടസ്സമാകുന്നു. വലിയ വളവുള്ള ഭാഗത്തും എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതും പ്രശ്നമാണ്. പൊതുമരാമത്ത് വകുപ്പിന് ഫണ്ട് ഇല്ലാത്തതാണു പ്രധാന തടസ്സം. വനം വകുപ്പും ഹൈഡൽ ടൂറിസം അധികൃതരും ടിക്കറ്റ് ഇനത്തിൽ ടൂറിസ്റ്റുകളിൽ നിന്നും വൻ തുക ഈടാക്കുന്നുണ്ടെങ്കിലും റോഡിൽ സഞ്ചാരികളുടെ സുരക്ഷയ്ക്ക് ഒരു വിലയും കൽപിക്കുന്നില്ലെന്നുള്ള പരാതിയും ഉയരുന്നുണ്ട്