
കാണുന്നില്ലേ, ഈ എഴുത്തുകാരെ …
- പുതിയ എഴുത്തുകാരെ പലരും നഖശിഖാന്തം എതിർക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പുതിയ കാലത്തെ എഴുത്തുമായി അപ്ഡേറ്റ് ചെയ്യാത്ത ആളുകളാണ് ഈ മുറവിളി കൂട്ടുന്നത്
വിജീഷ് പരവരി എഴുതുന്നു ✍🏽

യൂണിവേഴ്സിറ്റി സിലബസിൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ഉയർന്നു വരുന്ന സന്ദർഭം ആണല്ലോ ഇത്. പുതിയ എഴുത്തുകാരെ പലരും നഖശിഖാന്തം എതിർക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പുതിയ കാലത്തെ എഴുത്തുമായി അപ്ഡേറ്റ് ചെയ്യാത്ത ആളുകളാണ് ഈ മുറവിളി കൂട്ടുന്നത് എന്നാണ്. ഭാഷയെക്കുറിച്ച് ആഖ്യാന രൂപങ്ങളെ കുറിച്ച് ഒക്കെ വലിയ വേവലാതി ഇവർ പങ്കിടുന്നതായും കാണുന്നുണ്ട്. അത്തരക്കാർ ഒന്നു മനസ്സിലാക്കേണ്ടതുണ്ട്. ഒരു യൂണിവേഴ്സിറ്റിയും വന്ന ശേഷമല്ല ഒരു ഭാഷയും ഉണ്ടായത്. ഒരു വ്യാകരണ ഗ്രന്ഥവും രചിക്കപ്പെട്ടതിനുശേഷം അല്ല വ്യാകരണങ്ങൾ രൂപപ്പെട്ടത്. മനുഷ്യരുടെ നിത്യ ജീവിതത്തിലെ വ്യവഹാരങ്ങളിലൂടെ രൂപപ്പെട്ടവ ആയതിനാൽ ഭാഷയും മറ്റേതിനെയും പോലെ പ്രയോഗങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ളതാണ്. നമ്മുടെ മലയാളം നിരവധി നിരവധി ഭാഷകളിൽ നിന്ന് കടംകൊണ്ട വാക്കുകൾ കൊണ്ടാണ് നിലനിൽക്കുന്നത് എന്ന് അറിവുള്ളതാണല്ലോ. അത് ഇവിടെയും നിൽക്കുന്നില്ല പുതിയ കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികൾ നമ്മുടെ പൊതു സമൂഹത്തിൻറെ ഭാഷാപ്രയോഗങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയതായി കണ്ടിട്ടുണ്ട് ഒരുപാട് ഹിന്ദി വാക്കുകൾ, ഉറുദു വാക്കുകൾ, ബംഗാളി വാക്കുകൾ മലയാളിക്ക് പരിചിതമാവുകയും പ്രയോഗത്തിൽ വരികയും ചെയ്തിട്ടുണ്ട്.
അതിനാൽ മലയാളഭാഷയെ ആഴത്തിൽ സ്നേഹിക്കുന്ന ആരും തന്നെ ഇത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകളെ നിഷേധാർത്ഥത്തിൽ കാണേണ്ടതില്ല. ഭാഷ അതിൻറെ സഹജമായ വഴികളിലൂടെ മുന്നേറുക തന്നെ ചെയ്യും. പുതിയകാലത്തെ എഴുത്തുകാർ പഴയകാലത്തെ ആളുകളെപ്പോലെ എഴുതണമെന്ന് ശഠിക്കാൻ കഴിയില്ല. കാരണം പഴയ സാമൂഹ്യ സാഹചര്യമല്ല ഇന്നുള്ളത്. ഒരു ഭാഷാ സ്നേഹിക്ക് ചെയ്യാൻ കഴിയുന്നത് ഭാഷയിൽ സാഹിത്യത്തിൽ പുതുതായി രൂപപ്പെടുന്ന രചനകളെ സർഗ്ഗാത്മക ആവിഷ്കാരങ്ങളെ വായിക്കുക മനസ്സിലാക്കുക ചർച്ച ചെയ്യുക ആവശ്യമെങ്കിൽ വിമർശിക്കുക എന്നുള്ളത് മാത്രമാണ്.
അഖിൽ. കെ, ഷിനോജ്. ആർ. ചന്ദ്രൻ, ശ്യാം കൃഷ്ണൻ, മൃദുൽ. വി. എം,ഡി. പി. അഭിജിത്ത്, അമൽരാജ് പാറമേൽ, പുണ്യാ. സി.ആർ, കൃപ അമ്പാടി, കാവ്യ അയ്യപ്പൻ, അരുണ ആരുഷി, ഡി. ശ്രീശാന്ത് തുടങ്ങിയ പുതിയ എഴുത്തുകാരെയൊന്നും വായനക്കാർ കാണുന്നില്ല, അറിയുന്നില്ല എങ്കിൽ അവരുടെ വായനയ്ക്ക് എന്തോ കുഴപ്പമുണ്ട് എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
സിലബസിൽ ചേർക്കപ്പെട്ടിട്ടുള്ള പലരും ഇവർക്ക് മുന്നേ എഴുതി തുടങ്ങിയവരാണ് എന്നുള്ളതാണ് പറഞ്ഞു വരുന്നത്. ആരെയും പേരെടുത്ത് സൂചിപ്പിക്കുന്നില്ല എങ്കിലും ആ ലിസ്റ്റുകളിൽ കണ്ട ആളുകളെല്ലാം തന്നെ മലയാള സാഹിത്യത്തിൽ അവരുടെ സംഭാവനകൾ നൽകിതുടങ്ങിയവരാണ് എന്ന് കാണാവുന്നതാണ്. പിന്നെ യൂണിവേഴ്സിറ്റികളെക്കാൾ വലിയ യൂണിവേഴ്സിറ്റികളാണ് തങ്ങൾ എന്ന് ചിലർക്കെങ്കിലും അഭിപ്രായമുണ്ടാകാം (യൂണിവേഴ്സിറ്റികളിൽ പ്രശ്നങ്ങളില്ല എന്നല്ല) അതും ഒരു അഭിപ്രായമാണ് അവർക്ക് നമോവാകം.