
കാത്തിരിപ്പിനുവിട ; കീഴ്‌മാട് മാമ്പുഴയിൽ പുതിയ പാലം വരും
- സ്ഥലമേറ്റെടുപ്പിന് ഒരുകോടിയുടെ ഭരണാനുമതി.പുതിയ പാലം പണിയണമെന്നത് നീണ്ട കാലത്തെ ആവശ്യമായിരുന്നു.
പെരുമണ്ണ : കീഴ്മാട് മാമ്പുഴ പുതിയ പാലത്തിന്റെ സ്ഥലമേറ്റെടുപ്പിന് ഒരുകോടിരൂപയുടെ ഭരണാനുമതി. പെരുവയൽ – പെരുമണ്ണ ഗ്രാമപ്പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. അപ്രോച്ച് റോഡുൾപ്പെടെ നിർമിക്കാനുള്ള സ്ഥലമെടുക്കുന്നതിനുവേണ്ടി കൂടിയാണ് ഈ തുക. പാലത്തിൻ്റെ രൂപരേഖ പൂർത്തിയായിട്ടുണ്ട്. പയ്യടിമേത്തൽ-കീഴ്മാട് റോഡിൻ്റെ ഇടതുഭാഗത്തായാണ് പുതിയ പാലത്തിൻ്റെ അലൈൻമെൻ്റ് തയ്യാറാക്കിയത്.
നിലവിലുള്ള കീഴ്മാട് മാമ്പുഴപ്പാലം സംരക്ഷണ ഭിത്തികളടക്കം തകർന്ന അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ പുതിയ പാലം പണിയണമെന്നത് പ്രദേശവാസികളുടെയടക്കം നിരവധി കാലത്തെ ആവശ്യമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയപാലത്തിനായി സ്ഥലമേറ്റെടുക്കാൻ 2022-28 ബജറ്റിലാണ് സംസ്ഥാന സർക്കാർ ഒരുകോടി രൂപ വകയിരുത്തിയിരുന്നത്. സ്ഥലമേറ്റെടുക്കൽ കഴിയുന്നത്തോടെ പാലം നിർമാണ പ്രവർത്തനങ്ങൾക്കായുള്ള നടപടികൾ തുടങ്ങുമെന്ന് എംഎൽഎ പി.ടി.എ. റഹീം പറഞ്ഞു.