
കാളിയാട്ടത്തിന് അതീവ സുരക്ഷയൊരുക്കി പോലീസ്
- ഏപ്രിൽ നാല്, അഞ്ച് തിയ്യതികളിലാണ് സുരക്ഷ ശക്തമാക്കുക
- ക്ഷേത്രത്തിലേക്ക് വരുമ്പോൾ വില കൂടിയ ആഭരണങ്ങൾ ഒഴിവാക്കണമെന്ന് പോലീസ്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് പോലീസിൻ്റെ വൻ സുരക്ഷാ സംവിധാനം. ഏപ്രിൽ നാല്, അഞ്ച് തിയ്യതികളിലാണ് സുരക്ഷ ശക്തമാക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ നിന്നായി 300-ഓളം പോലീസുകാരെത്തും. വനിതാ പോലീസ്, മഫ്ടി പോലീസ് എന്നിവരും നിരീക്ഷണത്തിൽ ഉണ്ടാവും, റൂറൽ എസ്പി. അരവിന്ദ് സുകുമാറിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി സിഐ മെൽവിൻ ജോസ്, എസ്ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. ക്ഷേത്ര പരിസരം സിസിടിവി നിരീക്ഷണത്തിലാക്കും.
ക്ഷേത്രത്തിലേക്ക് വരുമ്പോൾ വില കൂടിയ ആഭരണങ്ങൾ ഒഴിവാക്കണമെന്ന് സിഐ അറിയിച്ചു. കൂടാതെ അതീവ സുരക്ഷയുടെ ഭാഗമായി എക്സൈസിൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തും. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെയും കൊയിലാണ്ടി എക്സൈസ് ഇൻസ്പക്ടറുടെയും നേതൃത്വത്തിൽ ഉത്സവ ദിവസങ്ങളിൽ 24 – മണിക്കുറും പെട്രോളിങ് നടത്തും. മഫ്ടിയിലും എക്സൈസ് നിരീക്ഷണമുണ്ടാകും.