
കിടപ്പിൻ്റെ മടുപ്പിൽ നിന്ന് ഉത്സവ ലഹരിയിൽ
- പൊയിൽക്കാവ് ക്ഷേത്രോത്സവത്തിലെ സസ്നേഹം പരിപാടി വേറിട്ട അനുഭവമായി
കൊയിലാണ്ടി: പൊയിൽക്കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന “സസ്നേഹം 2024” – പരിപാടി വ്യത്യസ്തവും മാനുഷിക മുഖമുള്ളതുമായി. വർഷങ്ങളായി പരസഹായമില്ലാതെ നാല് ചുമരുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത കിടപ്പ് രാേഗികൾക്ക് ഉത്സവ കാഴ്ചകൾ കാണാൻ സൗകര്യമാെരുക്കിയതായിരുന്നു സസ്നേഹം പരിപാടി’ വിവിധ പാലിയേറ്റീവ് സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, നാല് ഡോക്ടർമാർ, എട്ട് പാലിയേറ്റീവ് നഴ്സുമാർ, 50- ലേറെ വോളൻഡിയർമാർ, അഞ്ച് ആംബുലൻസ് ഉൾപ്പെടെ 20 – വാഹനങ്ങൾ എന്നിവയൊരുക്കിയിരുന്നു. പരിപാടിയിലെത്തിയ അതിഥികളും സന്നദ്ധ പ്രവർത്തകരും ജാതി, മത വ്യത്യാസങ്ങൾക്കപ്പുറം ഒരപൂർവ സംഗമമായി.
മൂന്ന് മണിയാേടെ അതിഥികളെ ഉത്സവ നഗരിയിൽ എത്തിച്ചു. നായാട്ട് തറയിൽ ഗജവീരന്മാരും 60- വാദ്യ കലാകാരന്മാരും അണി നിരന്ന മേളം ആസ്വദിച്ചതിനു ശേഷം ക്ഷേത്രത്തിൽ കയറി തൊഴാൻ താല്പര്യം ഉള്ളവർക്കു അതിനുള്ള സൗകര്യം ഒരുക്കി. നഗരിയിലുള്ള കാർണിവൽ കാണിച്ചു. കിഴക്കേകാവിന് മുൻവശം പ്രത്യേകം സജ്ജീകരിച്ച പന്തലിൽ അതിഥികൾക്ക് സ്നേഹോപഹാരം നൽകി. ആറ് മണിയോടെ അവരെ സുരക്ഷിതരായി വീട്ടിലെത്തിച്ചു.