
കുതിച്ചുയർന്ന് പച്ചത്തേങ്ങ വില
- കേന്ദ്ര നയത്തിലെ മാറ്റം വിലക്കുതിപ്പിന് കാരണം
സംസ്ഥാനത്തെ കേരകർഷകർക്ക് ആശ്വാസം നൽകിക്കൊണ്ട് പച്ചത്തേങ്ങ വില കുതിപ്പ് തുടരുന്നു. ആറുദിവസം കൊണ്ട് 11 രൂപയിലധികമാണ് വിലയിലെ ഉയർച്ച . വില ഇനിയും കൂടുമെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. ഉത്പാദനം കുറഞ്ഞതോടൊപ്പം ഡിമാൻഡ് കൂടിയതും തേങ്ങയുടെ സമയം മൂല്യം വർധിക്കാൻ കാരണമായി.നിലവിൽ പച്ചത്തേങ്ങയുടെ ചില്ലറ വില്പന വില 55 രൂപ വരെയാണ്. മൊത്തക്കച്ചവടക്കാർ കിലോയ്ക്ക് 45 രൂപ വരെ നൽകിയാണ് ശേഖരിക്കുന്നത്. തേങ്ങ വില ഇത്രത്തോളം ഉയരുന്നത് തേങ്ങയുടെ വിപണിയിൽ ആദ്യമായാണ്. സെപ്റ്റംബർ ആദ്യ വാരം വരെ തേങ്ങവിലയിൽ മാറ്റമില്ലായിരുന്നു.
കേന്ദ്രസർക്കാർ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി നികുതി വർധിപ്പിച്ചതോടെയാണ് തേങ്ങ വില ഉയരാൻ തുടങ്ങിയത്.തേങ്ങ വില ഉയർന്നതോടെ വിപണിയിൽ പൂഴ്ത്തിവയ്‌പ് വ്യാപകമാണെന്ന പരാതിയും ഉയരുന്നുണ്ട്. കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കൂട്ടാനുള്ള നീക്കത്തിൻ്റെ ഭാഗമായാണിത്. വില ഉയർന്നതോടെ കൊപ്ര ഉത്പാദനം പലരും താൽക്കാലികമായി നിർത്തി വച്ചിരിയ്ക്കുകയാണ്.
സെപ്റ്റംബർ 14ന് കേന്ദ്രസർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ ഉയർത്തിയിരുന്നു. പാമോയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
വെളിച്ചെണ്ണയേക്കാൾ വില കുറഞ്ഞ ഇത്തരം എണ്ണകളായിരുന്നു പലരും ഉപയോഗിച്ചിരുന്നത്. കുറഞ്ഞ നികുതി മാത്രം ഈടാക്കിയിരുന്നതിനാൽ വിലയും കുറവായിരുന്നു.എന്നാൽ 20 ശതമാനം മുതൽ 32 ശതമാനം വരെ നികുതി ഉയർത്തിയതോടെ ഇത്തരം ഭക്ഷ്യഎണ്ണകളുടെ വില ഉയർന്നു തുടങ്ങി. പാമോയിൽ വിലയിൽ വലിയ വർധന വന്നതോടെയാണ് പലരും വീണ്ടും വെളിച്ചെണ്ണയിലേക്ക് തിരിയുകയായിരുന്നു. ഡിമാൻഡ് പെട്ടെന്ന് ഉയർന്നതോടെയാണ് വിലയും ആനുപാതികമായി കൂടി തുടങ്ങിയത്.

സോയാബീൻ, പരുത്തി എന്നിവയുടെ ഇറക്കുമതിയിൽ ഇക്കൊല്ലം ആദ്യ ആറുമാസത്തിൽ 55 ശതമാനം വരെ വർധനയുണ്ടായിരുന്നു. പാമോയിൽ ഇറക്കുമതിയിൽ ഇത് 30 ശതമാനവുമായി . നികുതി വർധിപ്പിച്ചതോടെ ഇറക്കുമതി വൻതോതിൽ ഇടിയും. വെളിച്ചെണ്ണ വിലയ്ക്കൊപ്പം തേങ്ങ വിലയിലും ഇത് പ്രതിഫലിക്കും.ഓണത്തിനു മുമ്പു വരെ കിലോയ്ക്ക് 180 രൂപ വരെ പോയിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ 250 രൂപ വരെയായിട്ടുണ്ട്. തേങ്ങ ഉത്പാദനം കുറഞ്ഞത് വിലവർധനവിന് കാരണമാകുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 50 രൂപയോളമാണ് വർധിച്ചത്. വെളിച്ചെണ്ണ ഉത്പാദകർ പ്രധാനമായും ആശ്രയിക്കുന്ന തമിഴ്‌നാട് കൊപ്രയുടെ വരവ് കുറഞ്ഞതാണ് വില വർധനവിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നേരത്തെ വന്നിരുന്ന കൊപ്രയുടെ നാലിലൊന്ന് മാത്രമേ നിലവിൽ വരുന്നത് എന്ന നിരീക്ഷണവുമുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞതോടെ തേങ്ങ ഉത്പാദനവും കാര്യമായി കുറഞ്ഞിരുന്നു. നവരാത്രി ആഘോഷങ്ങൾക്കായി ഉത്തരേന്ത്യയിലേക്കുള്ള കയറ്റുമതി വർധിച്ചതും വില വർധനവിന് കാരണമായി.