
കുതിച്ച് തേങ്ങ വില; പച്ചത്തേങ്ങയ്ക്ക് കിലോക്ക് 50 രൂപ
- മലബാർ മേഖലയിൽ നാളികേര കർഷകർക്ക് ഇത്രവലിയ വില ലഭി ക്കുന്നത് ഇതാദ്യമാണ്
കോഴിക്കോട്: പച്ചത്തേങ്ങ വില ഉയർന്ന് കിലോക്ക് 50രൂപവരെയെത്തി.ഇന്നലെ കോഴിക്കോട് വടകര വിപണികളിൽ കർഷകർ 50 രൂപ നിരക്കിലാണ് നാളികേരം വിറ്റത്. മലബാർ മേഖലയിൽ നാളികേര കർഷകർക്ക് ഇത്രവലിയ വില ലഭിക്കുന്നത് ഇതാദ്യമാണ്. തമിഴ്നാട്ടിലെ കങ്കയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് നാളികേരം കയറ്റിയയക്കുന്ന ഏജൻസികൾ കച്ചവടക്കാർക്ക് കിലോക്ക് 51-52 രൂപ വരെ നൽകാൻ തുടങ്ങി. ഉൽപാദനം കുറഞ്ഞതും ആവശ്യം വർധിച്ചതുമാണ് വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

ശബരിമല സീസൺ കൂടി തുടങ്ങുന്നതോടെ പച്ചത്തേങ്ങ വില 55 വരെ ആയേക്കുമെന്നാണ് മൊത്ത വ്യാപാരികൾ നൽകുന്ന സൂചന.
മുൻവർഷങ്ങളിലെ വിലനോക്കുമ്പോൾ 2018ലായിരുന്നു നാളികേരത്തിന് വലിയ വില ലഭിച്ചത്. അന്ന് കിലോക്ക് 40 രൂപവരെയാണ് എത്തിയത്. മതിയായ വില ലഭിക്കാത്തതും, വള പ്രയോഗത്തിനും തേങ്ങ പറിച്ചെടുക്കാനുമുള്ള കൂലിചെലവ് കൂടിയതും, ജൈവ -രാസവളങ്ങളുടെ വില ഉയർന്നതും അടുത്ത വർഷങ്ങളിലായി നാളികേര ഉൽപാദനത്തിൽ വലിയ കുറവാണുള്ളത്. തമിഴ്‌നാട്, കർണാടക, രാജ സ്ഥാൻ, യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ ഓർഡറുള്ളപ്പോഴാണ് നാളികേരം കിട്ടാനില്ലാത്ത അവസ്ഥ വന്നത്. ഇതോടെ കയറ്റുമതിക്കാരും പ്രയാസത്തിലാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്ക് നോക്കു മ്പോൾ 2023 ജൂണിലാണ് പച്ചത്തേങ്ങ വില കൂപ്പുകുത്തിയത്. ഒന്നര വർഷം കൊണ്ടാണിപ്പോൾ വില കർഷകർ ആഗ്രഹിച്ച നിലയിലേക്കുയർന്ന് ഇരട്ടിയിലധികമായത്.

പച്ചത്തേങ്ങക്ക് സർക്കാർ 34 രൂപ താങ്ങുവില പ്രഖ്യാപിച്ചിരുന്നുവെങ്കിലും സംഭരണവും ഇക്കാലംവരെ കാര്യക്ഷമമായിരുന്നില്ല.നാളികേരത്തിന് സമാന്തരമായി കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയും കുതിച്ചുയർന്നിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് 10,200 രൂപ മാത്രമായിരുന്ന രാജാപൂർ കൊപ്രക്ക് ക്വിന്റലിനിപ്പോൾ 20,400 രൂപയാണ് വില. കൊപ്ര എടുത്തപടി 15,300, റാസ് 14,900, ദി ൽപസന്ത് 15,400, ഉണ്ട 17,500 എന്നിങ്ങനെ യാണ് മറ്റിനങ്ങളുടെ വില. വെളിച്ചെണ്ണയുടെ വിലയിലും വലിയ ഉയർച്ചയാണ്.
