
കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ പദ്ധതികൾ
- തൊണ്ടിപ്പൊയിൽ പാലം, മേൽപാലം എന്നിവയാണ് നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതികൾ
കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ പദ്ധതികൾ മുന്നോട്ടു വെച്ച് സർക്കാർ. വയനാട്-കോഴിക്കോട് റോഡിലെ വാഹനത്തിരക്ക് പരിഹരിക്കാൻ തൊണ്ടിപ്പൊയിൽ പാലം, മേൽപാലം എന്നിവയാണ് നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതികൾ.
ഇതിൽ ഒന്ന് ഈ വർഷംതന്നെ ആരംഭിക്കാൻ കഴിയുമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ യെ പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നു. മരുതോങ്കര റോഡിൽനിന്ന് ചങ്ങരോത്ത് ഭാഗത്തേക്കുള്ള പാലമാണ് തൊണ്ടിപ്പൊയിൽ പാലം. ഇത് കോഴിക്കോട് റോഡുമായി ബന്ധിപ്പിക്കും. വയനാട് റോഡിനു മുകളിലൂടെയാണ് കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന മേൽപാലം. ഇൻവെസ്റ്റിഗേഷൻ എസ്‌റ്റിമേറ്റിന് ചീഫ് എൻജി നീയർക്ക് നിർദേശം നൽകുമെന്നും അറിയിച്ചു. കൂടാതെ വയനാട്-നാദാപുരം റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസായി ഓത്യോട്ട്-നരിക്കൂ ട്ടുംചാൽ റോഡ് വികസിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.