
കൂടുതൽ ജോലിയ്ക്ക് കുറവ് ശമ്പളം ; കൂടുതൽ ഇന്ത്യയിലെന്ന് റിപ്പോർട്ട്
- ഐഎൽഒ റിപ്പോർട്ടിലാണ് രാജ്യത്തെ തൊഴിലിനെക്കുറിച്ച് പറയുന്നത്
ന്യൂഡൽഹി :ജോലിയ്ക്കും സമയത്തിനും അനുസൃതമായ ശമ്പളം രാജ്യത്ത് ലഭിക്കുന്നില്ലെന്ന് പഠനം. രാജ്യാന്തര തൊഴിൽ സംഘടനയുടെ (ഐഎൽഒ) റിപ്പോർട്ടാണ് രാജ്യത്തെ തൊഴിലിനെക്കുറിച്ച് പറയുന്നത്.ലോകരാജ്യങ്ങളിൽ കൂടുതൽ സമയം ജോലി ചെയ്ത് കുറച്ച് വേതനം വാങ്ങുന്നവർ ഇന്ത്യക്കാരാണെന്ന് ഐഎൽഒ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ജീവനക്കാരിൽ 51.4 ശതമാനം പേരും 49 മണിക്കൂറിലധികം തൊഴിലിടത്തിൽ ജോലി ചെയ്യുന്നവരാണ്.പക്ഷെ ഇന്ത്യക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ പ്രതിമാസ വേതനമാകട്ടെ 220 ഡോളർ മാത്രമാണ്. 8.8 ശതമാനം പേർ മാത്രം 49 മണിക്കൂറിലധികം ജോലി ചെയ്യുന്ന ഫ്രാൻസിൽ ജീവനക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 2016 ഡോളറാണ്. 8.9 ശതമാനം പേർ ആഴ്ച്‌ചയിൽ 49 മണിക്കൂറിലധികം ജോലി ചെയ്യുന്ന കാനഡയിലാകട്ടെ ജീവനക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 1883 ഡോളറും.

ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ 49 മണിക്കൂറിലധികം ജോലി ചെയ്യുന്നത് ഇറാനിലും (31.9 ശതമാനം) ഇന്തൊനീഷ്യയിലുമാണ് (21.9). എന്നാൽ ഇരു രാജ്യക്കാർക്കും ഇന്ത്യയിലേതിനേക്കാൾ ഭേദപ്പെട്ട പ്രതിമാസ വേതനം ലഭിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.