
കെട്ടിടങ്ങൾക്കും ക്യുആർ കോഡ് എത്തുന്നു
- ഇൻഫർമേഷൻ കേരള മിഷനാണ് ഡിജി ഡോർ പിൻ സംവിധാനം വികസിപ്പിച്ചത്
തിരുവനന്തപുരം: കേരളത്തിലെ ഓരോ വീടുകളുടെയും കെട്ടിടങ്ങളുടെയും നമ്പർ ഡിജിറ്റലാകും . ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ഡിജി ഡോർ പിൻ എന്ന ഈ സംവിധാനത്തിൽ ഓരോ വീടും കെട്ടിടവും ഡോർ എന്നായിരിക്കും അറിയപ്പെടുക. ഒമ്പതോ പത്തോ അക്കങ്ങളുള്ള ഡിജി ഡോർ പിൻ നമ്പർ ഫോൺ നമ്പർ പോലെ ഓർത്തിരിക്കാം. ഇത്തവണത്തെ തദ്ദേശവാർഡ് പുനർനിർണയം പൂർത്തിയാകുന്നതോടെ ഡിജി ഡോർ പിൻ നൽകാനാകുമോയെന്നു സർക്കാർ പരിശോധിക്കും.കെട്ടിടത്തിന്റെ ലൊക്കേഷൻ, ഉടമയുടെ പേര്, വിലാസം, കെട്ടിടത്തിൻ്റെ തരം എന്നിവ ഈ നമ്പറിലൂടെ ലഭിക്കും.

നികുതി പോലുള്ള കാര്യങ്ങൾ ഉടമക്ക് മാത്രമേ അറിയാൻ സാധിക്കൂ. പിൻനമ്പറും ക്യുആർ കോഡും ചേർത്ത് ഓരോ കെട്ടിടത്തിലും നമ്പർപ്ലേറ്റ് പതിപ്പിക്കും. ക്യുആർ കോഡ് സാൻ ചെയ്താലും നമ്പർ തിരഞ്ഞാലും ലൊക്കേഷൻ ലഭിക്കും. കെട്ടിടത്തിലെത്താൻ റൂട്ട് മാപ്പും കിട്ടും. ദുരന്തങ്ങൾ, അപകടങ്ങൾ തുടങ്ങിയവയുണ്ടായാൽ വിലാസമില്ലാതെത്തന്നെ പോലീസിനെത്താനും കഴിയും.