
കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്
- 24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണം
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്.
അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്നും 24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നുമാണ് ഷാഫിയുടെ ആവശ്യം. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
കെ.കെ. ശൈലജയുടെ മോർഫ് ചെയ്‌ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ വിമർശനമുയർന്നിരുന്നു. എന്നാൽ വീഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് എന്നാണ് താൻ പറഞ്ഞതെന്ന് കഴിഞ്ഞ ദിവസം ശൈലജ പറഞ്ഞത്. അതിനു പിന്നാലെയാണ് ശൈലജക്കെതിരെ നിയമനടപടിയുമായി ഷാഫി പറമ്പിൽ മുന്നോട്ടുപോകുന്നത്.
തന്റെ പ്രായമായ മാതാവിനെ പോലും സിപിഎം പ്രവർത്തകർ വെറുതെ വിടുന്നില്ലെന്നും നിരന്തരമായ സൈബർ ആക്രമണമാണ് തങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ഷാഫി പറയുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കമുള്ള അശ്ലീല വിഡിയോ കുടുംബ വാട്‌സാപ് ഗ്രൂപ്പുകളിൽ അടക്കം പ്രചരിക്കുന്നെന്ന് ശൈലജ മുൻപു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇല്ലെന്നു പറയുന്നത് തന്നെ മോശക്കാരനാക്കാനും തിരഞ്ഞെടുപ്പിൽ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാനും പാനൂർ ബോംബ് സ്ഫോടനം, പിപിഇ കിറ്റ് അഴിമതി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ആരോപണത്തിന് പിന്നിൽ എന്നും ഷാഫി വക്കീൽ നോട്ടിസിൽ പറയുന്നു.
