
കെ. മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സുരേന്ദ്രൻ
- മുരളീധരൻ എന്തിനാണ് ആട്ടും തുപ്പുമേറ്റ് അടിമയെപ്പോലെ കോൺഗ്രസിൽ തുടരുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു
കോഴിക്കോട്: കോൺഗ്രസ് നേതാവായ കെ. മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ .മുരളീധരൻ എന്തിനാണ് ആട്ടും തുപ്പുമേറ്റ് അടിമയെപ്പോലെ കോൺഗ്രസിൽ തുടരുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. കെ. മുരളീധരനോട് സഹതാപമേയുള്ളുവെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വന്തം അമ്മയെ അവഹേളിച്ചവർക്ക് വേണ്ടി മുരളീധരന് വോട്ട് പിടിക്കേണ്ടി വരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു .
പാലക്കാട് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് യുഡിഎഫ് ഡീലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ചെങ്കൽ ഖനനത്തിലും യുഡിഎഫ് എൽഡിഎഫ് ഡീലുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ മാറ്റി പറഞ്ഞത് കൊണ്ട്മാത്രം ഡീൽ ഇല്ലാതാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി .

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ ചോദ്യം ചെയ്യാത്തതെന്താണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു .