
കേരളത്തിലെ പക്ഷിപ്പനിയിൽ അതിർത്തികളിൽ ജാഗ്രത ശക്തമാക്കി തമിഴ്‌നാട്
- ഇതിന് പുറുമെ വാഹനങ്ങളിലുള്ള ആരോഗ്യം സംബന്ധിച്ച കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്
സുൽത്താൻബത്തേരി: ആലപ്പുഴയിലടക്കം സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ അണുനശീകരണവും ആരോഗ്യ പരിശോധനയും ശക്തമാക്കി തമിഴ്നാട്. പ്രധാനമായും നാടുകാണി ചുരം വഴി നീലഗിരിയിലേക്ക് എത്തുന്ന ചരക്കുവാഹനങ്ങളിലാണ് അണുനശീകരണം നടത്തുന്നത്.

ഇതിന് പുറുമെ വാഹനങ്ങളിലുള്ള ആരോഗ്യം സംബന്ധിച്ച കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. സംശയമുള്ളവർക്കായി ആരോഗ്യപരിശോധനയും നടത്തുന്നുണ്ട്.നാടുകാണിക്ക് പുറമെ വയനാട്ടിൽ നിന്നുള്ള അതിർത്തി ചെക്പോസ്റ്റുകളായ പാട്ടവയൽ, താളൂർ, ചോളാടി ചെക്പോസ്റ്റുകളിലും ജാഗ്രത പുലർത്തുന്നുണ്ട്.പ്രധാനമായും ചരക്കുവാഹനങ്ങൾ പൂർണമായും അണുനാശിനി സ്പ്രേ ചെയ്ത ശേഷമാണ് കടത്തിവിടുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി കേസുകൾ കണ്ടെത്തിയതും ഇവിടെയുള്ള താറാവുകൾ കൂട്ടത്തോടെ ചാകുന്നതും കണക്കിലെടുത്ത് തമിഴ്നാട്ടിൽ രോഗം പടരുന്നത് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം.
