
കൈക്കൂലി കേസിൽ മുൻ എസ്ഐക്ക് തടവും പിഴയും
- ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്.
കോഴിക്കോട് : പരാതിക്കാരന്റെ കയ്യിൽ നിന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ മുൻ എസ്ഐ ക്ക് വിജിലൻസ് കോടതി കഠിനതടവ് വിധിച്ചു. ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്. തൊട്ടിൽപ്പാലം സ്റ്റേഷൻ എസ് ഐ സോമനെയാണ് കൈക്കൂലി കേസിൽ 2013 ലെ കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി പ്രേംദാസ് പിടികൂടിയത്.
വിജിലൻസ് ഇൻസ്പെക്ടർമാരായിരുന്ന സജീഷ്, ഷൈജു, വഹാബ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 2013 സെപ്റ്റംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
പരാതിക്കാരൻ്റെ പേരിൽ കരുതൽ തടങ്കലിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അത് ഒഴിവാക്കാൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടർന്ന് ഇടനിലക്കാരൻ മുഖേന രണ്ടുതവണയായി 10,000 രൂപവീതം എസ്ഐക്ക് കൈക്കൂലി നൽകി. അതിനിടെയാണ് വിജിലൻസ് പിടികൂടിയത്.
കേസിൽ വിജിലൻസ് ഡി.വൈ.എസ്. പി. ജോസി ചെറിയാൻ കുറ്റപത്രം നൽകി. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. ശൈലജൻ ഹാജരായി.