
കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനിക്കും ആശാവർക്കർക്കും കടിയേറ്റു
- കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം
കൊയിലാണ്ടി:തെരുവുനായയുടെ ആക്രമണത്തിൽ ആശാവർക്കർക്കും വിദ്യാർത്ഥിനിയ്ക്കും കടിയേറ്റു . പെരുവട്ടൂരിലെ ആശാവർക്കറായ നമ്പ്രത്ത് കുറ്റി പുഷ്‌പയെയും താഴെക്കണ്ടി നേഹയെയുമാണ് നായ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം.

ഫീൽഡ് വർക്ക് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി പതിനെട്ടാം വാർഡിൽവെച്ചാണ് അപ്രതീക്ഷിതമായി നായയുടെ ആക്രമണമുണ്ടായതെന്ന് പുഷ്‌പ പറഞ്ഞു. നായ ആക്രമിച്ചത് പിറകിൽ നിന്ന് ഓടിയെത്തിയാണ്. കാലിൻ്റെ പിൻഭാഗത്ത് കടിയേറ്റപ്പോഴാണ് നായ പിന്നിലുണ്ടെന്ന് അറിഞ്ഞത്. കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് പലവട്ടം വീശിയപ്പോഴാണ് നായ അവിടെ നിന്നും പോയതെന്നും അവർ പറഞ്ഞു. നിലവിളികേട്ട് എത്തിയ പ്രദേശവാസികളാണ് പുഷ്പയെ ആശുപത്രിയിലേക്ക് എത്തിച്ചത്. പുഷ്‌പയെ ആക്രമിച്ച അതേ നായതന്നെയാണ് വിദ്യാർഥിനിയെയും കടിച്ചത്. നേഹ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
CATEGORIES News