
കൊയിലാണ്ടി നഗരസഭയ്ക്ക് സ്വന്തമായി ഷീ ലോഡ്‌ജ് കെട്ടിടം
- ഷീ ലോഡ്‌ജ് കെട്ടിടത്തിന് എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല പറഞ്ഞു
കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ ഷീ ലോഡ്‌ജ് കെട്ടിടത്തിന് എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല പറഞ്ഞു .
ബാക്കി വരുന്ന ഒരു കോടിയോളം രൂപ നഗരസഭ ഫണ്ടിൽ നിന്നും അനുവദിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടും വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും അറിയിച്ചിട്ടുണ്ട് . നഗരസഭയുടെ ഒരുപാട് കാലത്തെ ആഗ്രഹമാണ് സർക്കാർ ഉദ്യോഗസ്ഥർക്കും വിവിധ മേഖലകളിൽനിന്ന് എത്തിച്ചേരുന്ന വനിതകൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുക എന്നത്.

കെട്ടിടത്തിനായി കണ്ടെത്തിയിട്ടുള്ളത് നഗരസഭയുടെ കൈവശമുള്ള കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി കെട്ടിടത്തിൻ്റെ പിറകിലുള്ള സ്ഥലമാണ്. ഫണ്ട് അനുവദിച്ചതുകൊണ്ട് ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തി ഉടനെ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, 2 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഇരുനില കെട്ടിടമാണ് പണിയുന്നതെങ്കിലും ഭാവിയിൽ കൂടുതൽ നിലകൾ എടുക്കാനുള്ള സൗകര്യത്തോടെ 8 മാസത്തിനുള്ളിൽ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിർമ്മാണ ചുമതല നൽകിയിട്ടുള്ളത് യുഎൽസിസിക്കാണ് .നിർമാണ പ്രവൃത്തി പൂർത്തീകരണത്തിലേക്ക് കടക്കുന്നതോടുകൂടി നഗരസഭ ഫണ്ടിനു പുറമെ ബാക്കി തുകകൂടി അനുവദിക്കുമെന്നും എംഎൽഎ പറഞ്ഞു.