
കോംട്രസ്റ്റ് ഭൂമിക്കേസ്; കെട്ടിട നിർമാണത്തിന് അനുമതി – സമരം ശക്തമാക്കാൻ തൊഴിലാളികൾ
- 2009ൽ കമ്പനി അടച്ചുപൂട്ടിയതു മുതൽ തുടങ്ങിയതാണ് കമ്പനി ഭൂമി കൈക്കലാക്കാനുളള നീക്കങ്ങളും ഇതിനെതിരായ സമരങ്ങളും
കോഴിക്കോട്: കോംട്രസ്റ്റ് ഭൂമി തർക്കം കോടതിയിൽ നിൽക്കെ തർക്കഭൂമിയിൽ കെട്ടിട നിർമാണത്തിന് അനുമതി നൽകിയ കോർപറേഷൻ നടപടി ചർച്ചയാവുന്നു. ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ കൈയിലുളള ഭൂമിയിലാണ് കെട്ടിട നിർമാണത്തിന് കോർപറേഷൻ അനുമതി നൽകിയത്. വിഷയത്തിൽ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെയും കോൺഗ്രസിന്റെയും തീരുമാനം.
2009ൽ കമ്പനി അടച്ചുപൂട്ടിയതു മുതൽ തുടങ്ങിയതാണ് കമ്പനി ഭൂമി കൈക്കലാക്കാനുളള നീക്കങ്ങളും ഇതിനെതിരായ സമരങ്ങളും. തർക്കങ്ങൾക്കൊടുവിൽ നാലേക്കറോളം വരുന്ന ഭൂമി ഏറ്റെടുക്കാനുളള ഓർഡിനൻസ് സർക്കാർ ഇറക്കിയെങ്കിലും അതിനോടകം കമ്പനിയിൽ നിന്ന് ഭൂമി വാങ്ങിയ വ്യവസായികൾ കോടതിയിൽ പോയി. നഷ്ടപ്പെട്ട തൊഴിലും ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും കോടതി കയറിയതോടെ നിയമക്കുരുക്കായി.

നിർദ്ദേശത്തിൽ ഏവരും പ്രതീക്ഷയർപ്പിച്ചു നിൽക്കവയൊണ് പ്രമുഖ വ്യവസായി കൈവശം വയ്ക്കുന്ന 26 സെന്റ്റ് ഭൂമിയിൽ നിർമിച്ച കെട്ടിടത്തിന് കോർപറേഷൻ അനുമതി നൽകിയത്. ഈ അനുമതിയുടെ പിൻബലത്തിൽ വൈദ്യുത കണക്ഷനും കിട്ടി. ഇതിനു പരിസരത്ത് പേ പാർക്കിംഗിന് നൽകിയ അനുമതിയും കോടതിയലക്ഷ്യമെന്നാണ് ആരോപണം. ഇതിനെതിരെ തൊഴിലാളികൾ കോർപറേഷൻ നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
എന്നാൽ കോംട്രസ്റ്റിൽ നിന്ന് ഭൂമി രജിസ്റ്റർ ചെയ്തു വാങ്ങിയതിൻ്റെ രേഖകളും വില്ലേജിൽ നിന്നുളള അനുമതിയും അടിസ്ഥാനമാക്കിയാണ് കെട്ടിട നിർമാണത്തിന് അനുമതിയും കെട്ടിടത്തിന് നമ്പറും നൽകിയതെന്ന് കോർപറേഷൻ വിശദീകരിച്ചു.