
കോലിക്ക് പിന്നാലെ ഹിറ്റ്മാനും പടിയിറങ്ങി
- ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ
ബാർബഡോസ്: ലോകകപ്പ് ടി20 ക്രിക്കറ്റിൽ കിരീടനേട്ടത്തിന് പിന്നാലെ പടിയിറങ്ങി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ടി20 ക്രിക്കറ്റിൽ ഇനി തന്റെ സേവനം ഉണ്ടാവില്ലെന്നും രോഹിത് ശർമ വ്യക്തമാക്കി. വിരാട് കോലിക്ക് പിന്നാലെയാണ് രോഹിത്തും ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ടി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയാണ് രോഹിത് ശർമ. ആദ്യ ടി20 ലോകകപ്പിൽ കിരീടം നേടിയ ശേഷം 17 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമതൊരു കിരീടം നേടുന്നത്. ഇനി ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക.
എന്റെ കരിയർ ആരംഭിച്ചത് ഇന്ത്യക്ക് വേണ്ടി ടി20 കളിച്ചിട്ടാണ്. ഇതാണ് എനിക്ക് വേണ്ടിയിരുന്നത്. എനിക്ക് ഈ ലോകകപ്പ് നേടേണ്ടതുണ്ടായിരുന്നു. അത് വാക്കുകളിൽ ഒതുക്കാനാവാത്ത കാര്യമാണ്. വളരെ വൈകാരികമായ നിമിഷമാണിത് ജീവിതത്തിൽ കിരീടം നേടുകയെന്ന എന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു. അത് നേടിയെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ രോഹിത് ശർമ പറഞ്ഞു