
കോഴിക്കോടിന്റെ സമൃദ്ധമായ വിരുന്നുകൾ
- എം.ടിയുടെ ആദ്യകാല കഥകളിൽ സമൃദ്ധമായി കോഴിക്കോടിനെ നിറച്ചിട്ടുണ്ട്. അക്ബർ കക്കട്ടിലും പുനത്തിൽ കുഞ്ഞബ്ദുള്ളയും തൊട്ട് വി. ദിലീപ് വരെ മറ്റനേകം കഥാകൃത്തുക്കളോടൊപ്പം കഥകളിൽ കോഴിക്കോടിനെ പ്രതിഷ്ഠിച്ചിട്ടുണ്ട്

✍️സുസ്മേഷ് ചന്ത്രോത്ത്
എത്രമേലകലാം ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ- കുഞ്ഞുണ്ണി മാഷ്
കൗമാരം അതിന്റെ ബലിഷ്‌ടമാകാൻ തുടങ്ങുന്ന അഗ്രങ്ങളിൽ തീ പായിക്കുന്ന കാലത്താണ് ഞാനാദ്യമായി കോഴിക്കോടെത്തുന്നത്. പിന്നീടെത്തുന്നത് രണ്ടായിരാമാണ്ട് മാർച്ചിലാണ്. അതിനുമുമ്പും നഗരത്തിൽ ഹ്രസ്വസന്ദർശനത്തിനു വന്നിട്ടുണ്ടെങ്കിലും ഒരു നഗരം അതിൻ്റെ വെള്ളക്കടലാസ് കാണിച്ച് എന്നോട് കൈയൊപ്പ് വയ്ക്കാൻ പറയുന്നത് അപ്പോൾ മുതലാണ്. രണ്ടാം വരവിൽ ഞാനെത്തിയത് പാലക്കാടുനിന്നാണ്. പാസഞ്ചർ തീവണ്ടിയിൽ പ്രിയപ്പെട്ട കെ. വി അനൂപേട്ടനൊപ്പം.

രണ്ടായിരത്തിനാലിൽ ഏതാണ്ടൊരു സ്ഥിരവാസത്തിനായിട്ടാണ് ഞാൻ കോഴിക്കോടേക്ക് എത്തിയതെന്നുപറയാം. അതും തൃശൂരിൽനിന്നും അനൂപേട്ടനൊപ്പം. അതുകൊണ്ട് കോഴിക്കോടെന്നാൽ എനിക്കാദ്യം രുചിക്കുന്ന ഓർമ്മ അനൂപേട്ടൻ്റെയാണ്. തൃശൂരിലെ കറൻ്റ് ബുക്‌സിൽ പബ്ലിക്കേഷൻ അസിസ്റ്റന്ററിൻ്റെ സ്ഥിര ജോലി മതിയാക്കിയാണ് ഞാൻ കോഴിക്കോടേക്ക് പോന്നത്. ലക്ഷ്യം സിവിൽ സ്റ്റേഷനടുത്തുനിന്നും പ്രവർത്തിക്കുന്ന കേബിൾ സാറ്റലൈറ്റ് ടെലിവിഷൻ മാസികയായ കേബിൾസ്കാനിൽ ചേരുക എന്നതും. അനൂപേട്ടൻ്റെ അടുത്ത സുഹൃത്തായ എൻ. ഇ.ഹരികുമാറാണ് കേബിൾസ്‌കാനിൻ്റെ മുഖ്യപത്രാധിപർ. എനിക്ക് ഒരിടത്തുതന്നെ ഇരുന്നുള്ള ജോലി അഞ്ചുവർഷമായപ്പോളേക്കും മടുത്തുതുടങ്ങിയിരുന്നു. ഓടിനടന്നുള്ള എന്തെങ്കിലും പണിയായിരുന്നു ആഗ്രഹം.
കേബിൾസ്കാൻ മാസികയിൽ പ്രവർത്തിക്കുന്നതിനുള്ള മിടുക്കോ ഭാഷാപ്രാവീണമോ പത്രപ്രവർത്തനപരിചയമോ ഒന്നും എനിക്കുണ്ടായിരുന്നില്ല. അതിൻ്റെ ഉള്ളടക്കരൂപീകരണത്തെ സഹായിക്കുന്നതിനുള്ള പ്രാഗത്ഭ്യവും ഉണ്ടായിരുന്നില്ല. അനൂപേട്ടൻ്റെ അഭ്യർത്ഥന തള്ളാൻ വയ്യാത്തതിനാലാവണം എന്നെയവിടെ സബ് എഡിറ്ററായി ജോലിക്കെടുത്തത്. താമസം ഫറോക്കിനടുത്തുള്ള പെരുമുഖത്തെ ചെറിയമ്മയുടെ വീട്ടിൽ. നിത്യം പെരുമുഖത്തുനിന്നും മൂന്ന് ബസ് മാറിക്കയറി ഏതാണ്ട് രണ്ടുവർഷത്തോളം കോഴിക്കോട് സിവിൽ സ്റ്റേഷനടുത്തുള്ള കേബിൾ സ്കാൻ ഓഫീസിൽ പോയി ഞാൻ ജോലി ചെയ്‌തു. ജോലി അധികവും പുറത്തായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നഗരങ്ങളിൽ ലേഖനങ്ങളും ഫീച്ചറുകളും സംഘടിപ്പിക്കാനുള്ള ഓട്ടമായിരുന്നു അത്. ഞാൻ ശരിക്കും ആസ്വദിച്ച ജോലിക്കാലം.
അതിനിടയിൽ ഞാൻ കോഴിക്കോടിനെ അടുത്തറിഞ്ഞോ? ഇല്ലെന്നു പറയാം. മൂന്ന് ബസുയാത്രകൾക്കിടയിലുള്ള ഇത്തിരിപ്പോന്ന വിശ്രമസങ്കേതമായി അത് മാറി. എന്നാൽ അനൂപേട്ടൻ കോഴിക്കോടുണ്ടായിരുന്നതിനാൽ മാത്രം പലപ്പോഴും ഞാൻ നഗരത്തിൽ കുറച്ചധികനേരം തങ്ങി.അങ്ങനെയാണ് മാത്യഭൂമിയിൽ പോയിട്ടുള്ളത്. അതായത് ചെറൂട്ടി റോഡിലെ എംഎം പ്രസിൽ സ്പോർട്ട്സ് മാസികയുടെ ചുമതലക്കാരനായി അനൂപേട്ടൻ പ്രവർത്തിച്ച കാലത്താണ് ഞാനാ ഓഫീസിൽ ഇടയക്കിടെ പോയിട്ടുള്ളത്. ചെന്നാൽ മൂന്നാം നിലയിലെ അനുപേട്ടൻ്റെ കാബിനിലെത്തി കസേരയിലിരിക്കും. അതേ തറയിൽ തന്നെയാണ് ചിത്രഭൂമിയും ഗൃഹലക്ഷ്‌മിയും മാതൃഭൂമി ആഴ്ചപ്പതിപ്പും തൊഴിൽ വാർത്തയും ബാലഭൂമിയുമൊക്കെ പ്രവർത്തിക്കുന്നത്. അതിലെല്ലാം അിറയുന്നവരുണ്ടങ്കിലും എങ്ങോട്ടും പോകില്ല. അനൂപേട്ടൻ്റെ ചാരത്ത് നിഴലായി ഇരിക്കും. അനൂപേട്ടൻ്റെ കൂടെ മാതൃഭൂമി കാന്റീനിൽ പോകും. വലിയ തളികയിൽ വിളമ്പുന്ന അവിടുത്തെ ഭക്ഷണം കഴിക്കും. അല്ലെങ്കിൽ അടുത്തുതന്നെയുള്ള ദേശാഭിമാനിയുടെ കാൻ്റീനിൽ പോകും. അതല്ലാതെ ദേശാഭിമാനി വാരികയുടെ ഓഫീസ് കണ്ടിട്ടില്ല.
ഓഫീസിൽനിന്നും ജീവിതത്തിൽനിന്നും അനൂപേട്ടൻ പിന്മാറിയതോടെ ഞാൻ അപൂർവ്വമായേ എംഎം പ്രസിൻ്റെ പടി കടന്നിട്ടുള്ളൂ. അത് മാത്യഭൂമി ബുക്‌സ് സജീവമായതിനുശേഷമാണ്. അപ്പോഴും മറ്റ് കാബിനുകളിലുള്ളവരെ കാണാൻ നിന്നിട്ടില്ല. ഒന്നുമുണ്ടായിട്ടല്ല. അനൂപേട്ടന്റെ അസാന്നിദ്ധ്യത്തിൽ ആ കെട്ടിടത്തിൽ അധികനേരം നിൽക്കാൻ തോന്നാറുണ്ടായിരുന്നില്ല. അതേ വികാരം പിന്നീട് രണ്ട് നഗരങ്ങളോടും തോന്നിയിട്ടുണ്ട്. പാലക്കാടിനോടും തൃശൂരിനോടും. അതിൽ പാലക്കാടിനോടുള്ള അകൽച്ച വർഷങ്ങൾ കുറേച്ചെന്നപ്പോൾ മാറിക്കിട്ടി. ഈ മൂന്നു നഗരങ്ങളിലും തിരുവനന്തപുരത്തും ഞാനും അനൂപേട്ടനും ഒരുപാട് കാലം അലഞ്ഞിട്ടുണ്ട്. പിന്നെ എറണാകുളത്തും. ഈ സ്ഥലങ്ങളിലെല്ലാം ചെല്ലുമ്പോൾ ഏതുനേരത്തും ആദ്യത്തെ ഓർമ്മയായി മുണ്ട് മാടിക്കുത്തി വള്ളിച്ചെരുപ്പിട്ട അനൂപേട്ടൻ്റെ രൂപം ഓർമ്മയിലെത്തും. പിന്നീട് ആ ഓർമ്മയുടെ ഊർജ്ജ
ത്തിൽ നടക്കാൻ ശീലിച്ചു. ഇന്നുമത് തുടരുന്നു…
ജോലി തേടി കോഴിക്കോടെത്തിയപ്പോൾ അനൂപേട്ടൻ എന്നെയും കൂട്ടി എൻ. ഇ ഹരി കുമാറിന്റെ വീട്ടിലേക്കു കൊണ്ടുപോയി. നല്ല മഴയുള്ള ഇരുണ്ട കാലമായിരുന്നു അത്. തോരാത്ത മഴയിൽ മൊഫ്യൂസിൽ ബസ്സ്റ്റാൻ്റിൽ ഞങ്ങൾ കൊയിലാണ്ടിക്കുള്ള ബസ് തേടി നിന്നു. അപ്പോൾ പറഞ്ഞുകൊണ്ടിരുന്ന വിശേഷങ്ങൾ എന്തൊക്കെയാവാം. ഇന്നത് ഓർമ്മയില്ല. മനുഷ്യമസ്‌തിഷ്‌കത്തിന്റെ വരാൻ പോകുന്ന കാലത്ത് പരിഹരിക്കപ്പെടാൻ പോകുന്ന വലിയ അപര്യാപ്‌തതയായിരുന്നു അത്. അന്നത്തെ സംഭാഷണങ്ങൾ ഓർമ്മയിൽ പിടിച്ചുവയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അതുവച്ച് ഞാനൊരു പുസ്തകമെഴുതുമായിരുന്നു. കാരണം അതിൽ കോഴിക്കോടിൻ്റെ ഒരുപാടോർമ്മകളും അനുഭവങ്ങളുമുണ്ടായിരുന്നു. അതെല്ലാം എൻ്റെയായിരുന്നില്ല. അനൂപേട്ടൻ്റെയായിരുന്നു. കാരണം അനൂപേട്ടന് സാഹിത്യവും സിനിമയും സ്പോർട്ട്സും രാഷ്ട്രീയവും ഭ്രാന്തുതന്നെയായിരുന്നു. അതിവൈകാരികമായ അടുപ്പമായിരുന്നു ഇതിനോടെല്ലാം. ഇതെല്ലാം തന്നെ നിറഞ്ഞുമുറ്റി നിന്ന നഗരമായിരുന്നു കോഴിക്കോട് .
ടൗൺ ഹാളിലെ രാഷ്ട്രീയയോഗങ്ങൾ, മാനാഞ്ചിറയിലെ പ്രസംഗങ്ങൾ, അളകാപുരിയിലെയും മഹാറാണിയിലെയും മറ്റും സിനിമാചർച്ചകൾ, കളിക്കളങ്ങളിലെ ആർപ്പുവിളികൾ, എഴുത്തുകാരുമായുള്ള സഹവാസങ്ങളും സംവാദങ്ങളും. അവയുടെയെല്ലാം സംക്ഷിപ്തവിവരങ്ങൾ അനുപേട്ടൻ പറഞ്ഞുകൊണ്ടിരുന്നു. അനൂപേട്ടൻ സ്നേഹമായിരുന്നു. അതിലേറെ സംരക്ഷണമായി
രുന്നു. അതിലെല്ലാമുപരി കാരുണ്യമായിരുന്നു. ഏതിനും മീതെ ദൈവവരം ആവശ്യമില്ലെന്നു പറഞ്ഞ നല്ല മനുഷ്യനായിരുന്നു.
സഞ്ജയന്റെ രുദ്രാക്ഷമാഹാത്മ്യം ഞാൻ പഠിക്കുന്നത് വേറൊരു ജില്ലയിലെ പള്ളിക്കൂടത്തിൽ വെച്ചാണ്. അന്നെനിക്ക് മാനാഞ്ചിറയെപ്പറ്റി ഒന്നുമറിയില്ല. പക്ഷേ അതിലെ മലയാളിയുടെ സൈക്കോളജി എന്നെ ക്ഷീണിപ്പിച്ചു. ആ ക്ഷീണം ഇന്ന് നിസ്സംഗമായ അറിവായി തുടരുന്നു. അനുപേട്ടൻ വിവരിച്ചുതന്നത് സഞ്ജയൻ പരിഹസിച്ച വിഷയങ്ങളേക്കാൾ സമകാലികവും സമീപഭൂതകാലബന്ധിതവുമായ വർത്തമാനങ്ങളായിരുന്നു. അതിൽ ബഷീറും എം. ടിയും തിക്കോടിയനും അരവിന്ദനും കുതിരവട്ടം പപ്പുവും ഐ. വി.ശശിയും കുഞ്ഞാണ്ടിയും മുതൽ ഷെൽവിയും ഇന്ത്യാറിവ്യൂവും പ്രസ് ക്ലബും മാത്യഭൂമിയും അങ്ങനെ നൂറായിരം വിശേഷങ്ങളും നിറഞ്ഞുമുറ്റി. കളിക്കാരെക്കുറിച്ച് എന്നോടധികം പറഞ്ഞിട്ടില്ല. കാരംസോ ചീട്ടോ പോലും കളിക്കാനറിയാത്ത എന്നോട് ക്രിക്കറ്റിന്റെയോ ഫുട്ബോളിന്റെയോ ഭ്രാന്തുകളെക്കുറിച്ച് ആവേശപ്പെട്ടിട്ട് കാര്യമില്ലെന്ന് അനൂപേട്ടന് നല്ലതുപോലെ അിറയാമായിരുന്നു. കളിക്കാനും കളിപ്പിക്കാനും കളി കാണാനും അറിയാത്ത ഒരുവനായി ഞാനിപ്പോഴും ഒതുങ്ങി ജീവിക്കുന്നു,അനൂപേട്ടൻ പരിശീലിപ്പിച്ചപോലെ.

കോഴിക്കോടിന്റെ കഥകൾ ഒട്ടേറെ എഴുത്തുകാർ പറഞ്ഞുപോയിട്ടുണ്ട്. എസ്. കെ പൊറ്റക്കാടാവും അതിൽ മുമ്പനെന്നു തോന്നുന്നു. ഒരു തെരുവിൻ്റെ കഥയും ഒട്ടകവും എന്നെ ഓർമ്മിപ്പിക്കുന്നത് അതാണ്. എം.ടി ആദ്യകാല കഥകളിൽ സമ്യദ്ധമായി കോഴിക്കോടിനെ നിറച്ചിട്ടുണ്ട്. അക്ബർ കക്കട്ടിലും പുനത്തിൽ കുഞ്ഞബ്ദുള്ളയും തൊട്ട് വി. ദിലീപ് വരെ മറ്റനേകം കഥാകൃത്തുക്കളോടൊപ്പം കഥകളിൽ ഈ നഗരത്തെ പ്രതിഷ്ഠിച്ചിട്ടുണ്ട് നോവലിലും. അവയുടെ പട്ടിക എന്റെ കൈവശമില്ല. എന്നാൽ ‘ഒട്ടകം’ എന്ന കഥ എൻ്റെ ഹ്യദയത്തെ പിളർക്കുന്നു. നഗരത്തിലെ ഹോട്ടലുകളിലേക്ക് പീപ്പവണ്ടിയിൽ വെള്ളം ചുമന്നെത്തിച്ചിരുന്ന ‘ഒട്ടക’മെന്ന മനുഷ്യൻ്റെ കഥ നഗരത്തിന്റെ വൈദേശികചുവയുള്ള കുതിച്ചുകയറ്റത്തിൻ്റെ ചരിത്രം കൂടി പറഞ്ഞുതരുന്നു. എസ്. കെ പൊറ്റക്കാട്ടിൻ്റെ പ്രതിമ നിൽക്കുന്ന മിഠായിത്തെരുവിലൂടെയുള്ള എന്റെ നടത്തത്തിന് അധികം പഴക്കമോ പരപ്പോ ഇല്ല. അനൂപേട്ടനൊപ്പമാണ് ഏറെയും അതിലെ നടന്നിട്ടുള്ളത്. ആ നടത്തത്തിൽ ആര്യഭവനും മൾബെറിയുടെ ഓഫീസിരുന്ന മുറിയും കാണിച്ചുതന്നു. തൊണ്ണൂറുകളിൽ ഞാൻ സാഹിത്യഭാവുകത്വത്തിൻ്റെ മറ്റൊരു കര തൊട്ടത് മൾബെറിയിലൂടെയാണ്. വർഷങ്ങൾ കഴിഞ്ഞ ഒരുനാൾ അനൂപേട്ടൻ എനിക്കൊരു എസ്എംഎസ് അയച്ചു. ഷെൽവി നഷ്‌ടപ്പെട്ടു പോയി. ഞാനപ്പോൾ എറണാകുളത്തെ വീട്ടിലായിരുന്നു. എനിക്ക് ഷെൽവിയുമായി ബന്ധമുണ്ടായിരുന്നില്ല. ഞാനദ്ദേഹത്തെ കണ്ടിട്ടുമില്ല. എൻ്റെ ബന്ധം മുഴുവൻ കവി വിജയലക്ഷ്‌മിയുടെ മുഖച്ചിത്രവുമായി പുറത്തിറങ്ങിയിരുന്ന പ്രിയ സുഹൃത്ത് എന്ന മൾബെറി ജേണലുമായും പിന്നെ മൾബെറി പുസ്‌തക
ങ്ങളുമായിട്ടായിരുന്നു. എന്നിട്ടും ഞാൻ വേദനിച്ചു. ആ കവിയുടെ, അതിലുപരി പ്രസാധകന്റെ, അതിലുപരി സ്വപ്നനാടകന്റെ , കേരളത്തിൻ്റെ സാംസകാരിക രാഷ്ട്രീയ കലാകാലഘട്ടത്തിന്റെ തുടർച്ചയുടെ
നഷടത്തിന്റെ ഓർമ്മ. ഓ.. ‘ഓർമ്മ’ ഷെൽവി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച അക്കാലത്തെ വലിയ പുസ്‌തകങ്ങളിലൊന്നായിരുന്നു.
എന്റെ കൗമാരത്തിൻ്റെ മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലും കോഴിക്കോട് നിന്നും പുറത്തിറങ്ങിയിരുന്ന (പിന്നീട് നിലച്ചുപോയി) ആശയ സമന്വയം മാസികയ്ക്ക് ഞാൻ സ്ഥിരമായി കഥകൾ അയക്കാറുണ്ടായിരുന്നു. ഒന്നുപോലും അതിൽ അച്ചടിച്ചുവരികയുണ്ടായില്ല. അനൂപേട്ടനെ ഞാൻ പരിചയപ്പെടുന്നതിനുമുമ്പ് അനൂപേട്ടൻ പണിയെടുത്തിരുന്നത് ‘ഇന്ത്യാ റിവ്യൂ’ എന്ന പ്രസിദ്ധീകരണ
ത്തിലായിരുന്നു. അതിനും ഞാൻ പല കഥകളും അയച്ചിട്ടുണ്ട്. കഥ മടക്കിയയച്ചുകൊണ്ട് ഇന്ത്യാ റിവ്യൂവിന്റെ ലെറ്റർ ഹെഡിൽ കെ.വി. അനൂപ് എന്ന സഹപത്രാധിപർ എഴുതിയ ക്ഷമാപണക്കത്ത് വായിക്കുമ്പോഴേക്കും കെ. വി.അനൂപ് എന്ന മിടുക്കനായ കഥാകൃത്തിനെ വായനക്കാരൻ എന്ന നിലയിൽ എനിക്ക് സുപരിചിതമായിക്കഴിഞ്ഞിരുന്നു. പിന്നീടാണ് ഞങ്ങളാദ്യമായി പാലക്കാട് വച്ച് നേരിൽ പരിചയപ്പെടുന്നത്. അന്നുതൊട്ടേ കർക്കശക്കാരനായ സാഹിത്യവായനക്കാരൻ എന്ന നിലയിൽ അനൂപേട്ടനെ എനിക്കറിയാം. അതിനുശേഷം ടി. വി കൊച്ചുബാവയുടെ പത്രാധിപത്യത്തിൽ കോഴിക്കോടുനിന്നും ഗൾഫ് വോയസ് എന്ന മാസിക പ്രസിദ്ധീകരണം തുടങ്ങി. എഴുത്തുകാരുടെ ഫോട്ടോയും വിലാസവും അച്ചടിക്കും എന്നതായിരുന്നു അതിൻ്റെ ആകർഷണങ്ങളിലൊന്ന്. എത്രയോ കഥകൾ ഞാൻ ഗൾഫ് വോയ്‌സിനും അയച്ചിരിക്കുന്നു. ഒന്നുപോലും അതിൽ വന്നില്ല. പക്ഷേ എം. ടി. വാസുദേവൻ നായർ എഴുതിയ കാഴ്‌ച എന്ന കഥ വന്നത് ഗൾഫ് വോയ്‌സിലായിരുന്നു. കൊച്ചുബാവ മരിച്ചശേഷം അധിക കാലം ഗൾഫ് വോയസും നിന്നില്ല. കാഴ്ചയ്ക്കുശേഷം ഇതുവരെ എം. ടി വേറെ കഥയെഴുതിയിട്ടുമില്ല. പിന്നെയുമുണ്ടായിരുന്നു ഞാൻ നോട്ടമിട്ട പ്രസിദ്ധീകരണങ്ങൾ കോഴിക്കോടുനിന്നും. ശിഹാബുദീൻ പൊയ്ത്തുംകടവ് സഹപത്രാധിപരായി പ്രവർത്തിച്ച പൂങ്കാവനം, പി. ആർ.നാഥൻ പത്രാധിപത്യം വഹിച്ച പ്രദീപം, ന്യൂസ് വീക്ക് എന്ന മറ്റൊരു പ്രസിദ്ധീകരണം.. അതിൽ ന്യൂസ് വീക്ക് എൻ്റെ കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കഥ പുസ്‌തകങ്ങളിലില്ല. അവിദഗ്‌ധമായി എഴുതിയ ആദ്യകാലകഥകൾ പിന്നീട് വെളിച്ചം കാണേണ്ട എന്ന തീരുമാനത്തിൽ ഇരുപത്തിയഞ്ചോളം കഥകൾ വന്ന പ്രസിദ്ധീകരണങ്ങളുടെ പകർപ്പുകൾ ഞാൻ നശിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ദേശാഭിമാനി വാരികയിലും കുങ്കുമം വാരികയിലും ചന്ദ്രിക ആഴ്‌ചപ്പതിപ്പിലും വന്ന കഥകളും ഉൾപ്പെടും.
കേബിൾസ്കാൻ മാസികയിൽ ഞാൻ ജോലി ചെയ്യുന്ന കാലത്ത് ചെറുപ്പം മുതലേ അിറയുന്ന അജയ്. പി. മങ്ങാട്ടും കോഴിക്കോട് മനോരമയിലുണ്ടായിരുന്നു. ബാലൻ. കെ. നായർ റോഡിന്റെ ഒരരികിലാണ് അദ്ദേഹത്തിൻ്റെ വാടകവീട്. ഭാര്യയും മക്കളുമായി താമസിക്കുന്ന അജയ് മാഷിന്റെ വീട്ടിൽ ഞാൻ ഇടയ്ക്കിടെ പോകാറുണ്ട്. പുസ്‌തകങ്ങളുടെ അട്ടികൾ ഭിത്തികൾ നിർമ്മിച്ചിട്ടുള്ള ആ വീട്ടിൽ ഔപചാരികമായ വർത്തമാനങ്ങളും ഉപചാരങ്ങളും കരുതലും ലഭിക്കും. ഒരിക്കൽ അജയ് മാഷും കുടുംബവും നാട്ടിലേക്ക് പോയപ്പോൾ നാലുദിവസം താമസിക്കാനായി എനിക്കാ വീട് വിട്ടുതന്നു. പെരുമുഖത്തുനിന്നും മാറി നാലുദിവസം ഞാൻ നിന്നത് അജയ് മാഷിന്റെ ഫ്ളാറ്റിലാണ്. അവിടെയിരുന്നാണ് ഞാൻ ആദ്യകാലത്ത് അനുവാചകശ്രദ്ധ പതിഞ്ഞ എന്റെയൊരു കഥയെഴുതുന്നത്. ‘മറ്റൊരാൾ വരുന്നത് ഒളിച്ചുനിന്നു നോക്കുമ്പോൾ’ എന്നാണ് ആ കഥയുടെ പേര്. അത് മാധ്യമം വാരികയിലാണ് വന്നതെന്നാണോർമ്മ.
കോഴിക്കോട് ഞാൻ ജോലി ചെയ്യുന്ന കാലത്താണ് മലയാള വാരികാപത്രപ്രവർത്തനത്തിന് ഇടിമുഴക്കവും തീച്ചൂടും വാരിയെറിഞ്ഞുകൊണ്ട് തണുത്തു ചാരം മൂടിക്കിടന്നിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് അടിമുടി മാറുന്നത്. മംഗളത്തിലും മനോരമയിലും മാധ്യമത്തിലും കൈരളിയിലും ജോലി ചെയ്തശേഷം മാതൃഭൂമിയിലെത്തിയ കമൽറാം സജീവായിരുന്നു പുതിയ അസിസ്റ്റന്റ് എഡിറ്റർ. എന്റെ ആദ്യത്തെ കഥ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ വന്നത് അദ്ദേഹമെത്തുന്നതിനുമുമ്പാണ്. അതിനാൽ ‘പുതിയ’ പത്രാധിപർ കണ്ടുപിടിച്ച എഴുത്തുകാരൻ എന്ന ‘പദവി’ എനിക്ക് കിട്ടിയില്ല. ഒരു കാര്യത്തിലും ഗോഡ് ഫാദറോ ഗുരുവോ ഇല്ലാത്തതിൽ വല്ലാതെ സന്തോഷിക്കുന്ന എനിക്കത് വലിയ കാര്യമാണ് ഇന്നും. പിന്നീടുള്ള പതിനഞ്ച് വർഷത്തെ വാരികാമാധ്യമപ്രവർത്തനത്തെ മലയാള അച്ചടിയുടെ കാലത്തെ സവിശേഷമായ കാലമെന്ന് വിളിക്കാൻ എനിക്കിഷ്ടമാണ്. അക്കാലത്തെക്കുറിച്ച് ന്യൂനതകൾ പറയാനുണ്ടെങ്കിലും. ആദ്യകഥ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നത് 2003 ൽ ആണ്. അക്കാ
ലത്ത് കേബിൾസ്കാൻ മാസിക ലേ ഔട്ട് ചെയ്യാൻ മാതൃഭൂമിയിൽനിന്നും ഗണേഷ് എന്നൊരാൾ വരാറുണ്ടായിരുന്നു. ഒരുദിവസം ഗണേഷിൻ്റെ ഫോൺ എന്നെത്തേടി കേബിൾസ്കാനിലേക്ക് വന്നു.

ഗണേഷ് ചോദിച്ചത് താൻ മാത്യഭൂമി ആഴ്‌ചപ്പതിപ്പിലേക്ക് കഥ അയച്ചിട്ടുണ്ടായിരുന്നോ എന്നാണ്. സ്ഥിരമായി കഥകളയക്കുകയും മടങ്ങിവരികയും ചെയ്യുന്നത് പതിവായതിനാൽ എനിക്ക് മറുപടി പറയാൻ ആലോചിക്കേണ്ടിവന്നില്ല. എന്നാൽ അടുത്തയാഴ്‌ച ഇറങ്ങുന്ന വീക്ക്‌ലിയിൽ സുസ്മേഷിന്റെ കഥയുണ്ടെന്ന് ഗണേഷ് എന്നോട് പറഞ്ഞു. താൻ ലേ ഔട്ട് ചെയ്‌ത ഫോറത്തിൽ ഉള്ളടക്കത്തിന്റെ പേജ് ഉണ്ടായിരുന്നെന്നും അതിലാണ് പേര് കണ്ടതെന്നും ഗണേഷ് ഉറപ്പിച്ചു പറഞ്ഞു. അതെന്റെ പേരാണോ എന്ന് ഞാനെടുത്തു ചോദിച്ചു. അതെയെന്ന് ഗണേഷ് തറപ്പിച്ചു പറഞ്ഞു. ദിവസങ്ങൾക്കുമുമ്പാണ് ഗണേഷ് അതു കണ്ടിട്ടുള്ളത്. ഏതു കഥയാണ് അയച്ചതെന്ന് ആകാംക്ഷ അടക്കാൻ വയ്യാതെ ഓർത്തെടുക്കാൻ നോക്കിയിട്ട് സാധിച്ചുമില്ല. അക്കാലത്ത് എല്ലാ പ്രസിദ്ധീകരണങ്ങൾക്കും മാസാമാസം കഥകൾ അയക്കാറുണ്ടായിരുന്നു.
അതൊരു ഞായറാഴ്ച്ചയാണെന്നോർമ്മ പിന്നീടുള്ള രണ്ടുദിവസങ്ങൾ തള്ളിനീക്കാൻ ഞാൻ പ്രയാസപ്പെട്ടതു നോക്കുമ്പോൾ പിരമിഡ് മറിച്ചിടാൻ അത്ര പ്രയാസപ്പെടേണ്ടിവരില്ലായിരിക്കും. എന്തുകൊണ്ടാണ് ഞാൻ തിങ്കളാഴ്‌ച രാത്രി മാസികയുടെ ഓഫീസിൽ തങ്ങിയതെന്നോർമ്മയില്ല. എന്തായാലും ചൊവ്വാഴ്‌ച രാവിലെ കണ്ണുതിരുമ്മി ഞാനെഴുന്നേറ്റ് എരഞ്ഞിപ്പാലത്തേക്ക് നടന്നു. അന്ന് എരഞ്ഞിപ്പാലം ചെറിയ കവലയാണ്. തീരെ തിക്കും തിരക്കുമില്ല. ആകെ പറയാനുള്ളത് മാറാട് കലാപത്തിന്റെ വിചാരണക്കോടതി അവിടെ സ്ഥാപിച്ചിട്ടുള്ള കാര്യം മാത്രമാണ്. കനോലി കനാലിലെ ചീഞ്ഞുകെട്ട വെള്ളം എത്ര മന്ദഗതിയിലാണോ ചലിക്കുന്നത് അതിനേക്കാൾ മന്ദതയിലായിരുന്നു എരഞ്ഞിപ്പാലത്തെ അക്കാലത്തെ ജനജീവിതം . കാലത്ത് ചെന്നപ്പോൾ കണ്ട പെട്ടിക്കടയിൽ പുതിയ മാത്യഭൂമി തൂങ്ങിക്കിടക്കുന്നതു കണ്ടു. കഥയുടെ കൂട്ടത്തിൽ എൻ്റെ പേര് കണ്ടിട്ടുണ്ടെന്ന് ഗണേഷ് നൽകിയ ഉറപ്പിൽ ഞാൻ മാത്യഭൂമി വാങ്ങി മൂന്നാംപേജ് നോക്കിയ ഞാൻ ചുടുവായു കയറ്റിയ ബലൂണിനെപ്പോലെ ഭീമാകാരമായി വീർത്തു. ഉപരിതലത്തിൽനിന്നും കെട്ടഴിഞ്ഞ് ഞാൻ വിഹായസ്സിലേക്ക് പറന്നു. രസകരമായ ഒരു കാര്യം കൂടി പറയാം മാസങ്ങൾക്കുമുമ്പ് ഈ കഥ ഞാനാദ്യമയച്ചത് മാധ്യമം ആഴ്‌ചപ്പതിപ്പിനാണ് അപ്പോൾ ഞാൻ തൃശൂരിലായിരുന്നു ജോലിയും താമസവും. കഥ ഉപയോഗിക്കാനാവാത്ത വിവരം മാധ്യമം ആഴ്‌ചപ്പതിപ്പിൽനിന്നും ഖേദപൂർവ്വം പി. ടി. നാസർ പോസ്റ്റ് കാർഡിൽ അറിയിച്ചിരുന്നു. എനിക്കേറെ പ്രതീക്ഷയുണ്ടായിരുന്ന കഥയാണത്. അതിനാൽ കഥ തിരിച്ചുവന്നപ്പോൾ പതിവില്ലാത്ത സങ്കടവും തോന്നിയിരുന്നു. കഥയിൽ ആത്മവിശ്വാസമുള്ളതുകൊണ്ട് ഞാൻ മീര എന്ന കഥ നശിപ്പിക്കാതെ മാത്യഭൂമി ആഴ്‌ചപ്പതിപ്പിന് അയച്ചു. അക്കാലത്താക്കെ ഇത് പതിവായിരുന്നു. അതായത് മാതൃഭൂമി ആഴ്‌ചപ്പതിപ്പ് തിരിച്ചുതരുന്ന കഥ ഞാൻ മാധ്യമം ആഴ്‌ചപ്പതിപ്പിനും ദേശാഭിമാനിക്കും ഭാഷാപോഷിണിക്കും കലാകൗമുദിക്കും അയക്കും. അങ്ങനെ മാത്യഭൂമി തിരിച്ചയച്ച കഥയാണ് മാധ്യമം ആഴ്‌ചപ്പതിപ്പിൽ എൻ്റേതായി ആദ്യമച്ചടിച്ചുവന്ന കഥ. ‘ഗോപാലനാശാന്റെ ജീവിതം: കെട്ടുകഥകളും പുനഃരാഖ്യാനവും സഹിതം’ എന്നായിരുന്നു ആ കഥയുടെ പേര്. അക്കാലത്തെ മാത്യഭൂമി ആഴചപ്പതിപ്പ് ഉള്ളടക്കം തീരെ മോശമായ നിലയിലായിരുന്നെങ്കിലും മുക്കാൽ നൂറ്റാണ്ട് പ്രായമാകാൻ പോകുന്നതിന്റെ ഗരിമ കൈമോശപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
കോഴിക്കോട് കടപ്പുറത്തുവച്ചാണ് ഒരു മദ്ധ്യാഹ്നത്തിൽ ബാല്യകാലം മുതലേയുള്ള എൻറെ സുഹൃത്തുക്കളിലൊരാളായ സജിത് .കെ. കൊടക്കാടിനൊപ്പം ഇന്ന് മാതൃഭൂമി ബുക്‌സിൽ ജോലി ചെയ്യുന്ന നൗഷാദേട്ടനെ ഞാൻ പരിചയപ്പെടുന്നത്. പാപ്പിയോൺ പബ്ലിക്കേഷൻസിന്റെ ഉദയത്തിനു തൊട്ടുമുമ്പാണത്. അങ്ങനെ പൊട്ടിത്തളിർത്ത ഒട്ടേറെ ബന്ധങ്ങൾ എനിക്കുണ്ടായി. കോഴിക്കോടുനിന്നും കിട്ടിയിട്ട് നഷ്‌ടപ്പെട്ടുപോയ ബന്ധങ്ങൾ വല്ലതുമുണ്ടോ. ഇല്ലെന്നാണുത്തരം.
പിന്നീട് ഞാൻ പാലക്കാട് താമസിക്കുന്ന കാലത്താണ് എനിക്ക് യുവപുരസ്ക്കാരം കിട്ടുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി മുപ്പത്തഞ്ചുവയസ്സിൽ താഴെയുള്ള യുവാക്കൾക്കായി ആദ്യമായി ഏർപ്പെടുത്തിയ പുരസ്‌കാരം. അതും വാങ്ങി തിരിച്ചെത്തിയപ്പോൾ കേരളത്തിലെ നാട്ടുനടപ്പ് പോലെ പലരുമെന്നോട് ‘ചെലവ്’ ചെയ്യണമേന്നാവശ്യപ്പെട്ടു. കഷ്‌ടപ്പെട്ട് എഴുതിയത് ഒന്നായതുകൊണ്ടും ഞാൻ യാചിച്ചുവാങ്ങാത്ത പുരസ്‌കാരമായതുകൊണ്ടും (ഒരു പുരസ്ക്കാരവും ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തി ഇന്നുവരെ വാങ്ങിയിട്ടില്ല. ചിലരൊക്കെ അങ്ങനെ ചെയ്‌തിട്ടുണ്ടെന്ന് വ്യക്തമായി അറിയാവുന്നതുക്കൊണ്ടാണ് ഇല്ലെന്ന് ഉറപ്പിച്ചുപറയുന്നത്). അങ്ങോട്ട് ആർക്കെങ്കിലും ചായ വാങ്ങിച്ചു കൊടുക്കാൻ ഞാൻ തയ്യാറായില്ല. അപ്പോഴാണ് കഥ വായിച്ചു പരിചയപ്പെട്ട അനീനി ടീച്ചറും ഭർത്താവും പൊലീസുദ്യോഗസ്ഥനുമായ ഹരീഷേട്ടനും എന്നെ കോഴിക്കോാട്ടക്ക് വിളിക്കുന്നത്. അവർ ഹോട്ടൽ അളകാപുരിയിൽ എനിക്ക് വിരുന്ന് തന്നു. ജീവിതത്തിൽ ഞാനാദ്യമായി കൈപ്പറ്റുന്ന സൽക്കാരം. മക്കളോടൊന്നിച്ച് വന്നിട്ടുള്ള ടീച്ചറും ഭർത്താവും മദ്യമുൾപ്പെടെ വാങ്ങിത്തന്ന് എന്റെ പുരസ്കാരലബ്ധിയെ സന്തോഷത്തോടെ ആദരിച്ചു. ഹോട്ടലിൻ്റെ പുൽത്തകിടിയിൽ മദ്യവും ഭക്ഷണവുമായി ഇരുന്നുള്ള ആ സന്തോഷം പങ്കിടൽ കേരളത്തിൽ അതിനുമുമ്പ് ഞാൻ പരിചയിച്ചിട്ടുണ്ടായിരുന്നില്ല. ആദരവോടെ മാത്രമേ അവരോട്, ആ തനി കോഴിക്കോടുകാരോട് നന്ദി പറയാൻ സാധിക്കൂ. പിൽക്കാലത്ത് കൊൽക്കത്തയിൽ അത്തരം ഒട്ടേറെ കുടുംബ വിരുന്നുകളിൽ ഇരുന്നപ്പോളൊക്കെ ഞാൻ ഈ കഥ ഓർമ്മിച്ചിട്ടുണ്ട്.
കോഴിക്കോട് അക്ഷരങ്ങളുടെ തലസ്ഥാനമാണ്. അച്ചടിയുടെ വലിയ പാരമ്പര്യമോ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിൻ്റെ പ്രാരംഭമോ അച്ചുകൂടങ്ങളുടെ പഴക്കമോ രണ്ട് ഡസനിലധികം ജനപ്രിയ പ്രസിദ്ധീകരണങ്ങളുടെ ഉറവിടമോ മലയാള മനോരമയുടെ പിറവിയോ ഒക്കെ കോട്ടയത്തിന് അവകാശപ്പെടാമെങ്കിലും ഞാൻ കരുതുന്നത് അക്ഷരങ്ങളുടെ നഗരം കോഴിക്കോടാണെന്നാണ്. അതുപോലെ തൃശൂരിനെയല്ല സാംസ്‌കാരിക തലസ്ഥാനമെന്ന് വിളിക്കേണ്ടതെന്നും .
കോഴിക്കോട് വൈവിദ്ധ്യങ്ങളുടെ നാടാണ്. ഭക്ഷണം, വസ്ത്രം, മതം, ആചാരം, അനുഷ്‌ഠാനം, വ്യക്തിബന്ധം, രതിബന്ധം, വാണിജ്യം, രാഷ്ട്രീയം, തമാശ, സൗഹൃദം, പ്രണയം, വിവേകം, ചരിത്രം, ഗണിതം, മനോവിജ്ഞാനീയം, രാഷ്ട്രമീമാംസ, കല, നാടകം, സാഹിത്യം, കടൽ, ശ്മശാനം, പാഠശാല.. എണ്ണിയെണ്ണിപ്പറയാം. ഇന്ത്യയിലെ ഏറ്റവും മികച്ച സുന്ദരികൾ കോഴിക്കോടാണെന്ന് ഇന്ത്യ കുറേ ചുറ്റിയ ആളെന്ന അഹങ്കാരത്തിൽ ഞാൻ പറയും. ബംഗാളിൽ ജീവിക്കുമ്പോഴും കോഴിക്കോടെ ദുപ്പട്ട ശിരസ്സിൽ ചുറ്റിയ യുവതികളുടെ മസ്യണമായ ഓർമ്മ എന്നെ വിട്ടുപോയിട്ടേയിട്ടില്ല.

ഞാൻ കരുതുന്നത് മലബാറിലെ, പ്രത്യേകിച്ചും കോഴിക്കോട്ടെ, ഏതു വീട്ടിലും (ഈ കെടുകാലത്തും) ചെന്നുപറ്റാമെന്നാണ്. എൻ്റെ സുഹൃത്ത്, അജയ്. പി. മങ്ങാട്ടിൻ്റെ അനുജൻ സജയ എന്ന പൊലീസുകാരൻ നാദാപുരത്തുകാരെപ്പറ്റി പറഞ്ഞ ഒരു കാര്യമുണ്ട്. മനുഷ്യരെക്കുറിച്ച് ഞാൻ ഹ്യദയത്തിൽ പൂവിട്ടു സൂക്ഷിക്കുന്ന ഓർമ്മ. നാദാപുരത്തെ കലാപത്തിനുശേഷം പോലീസിനെ നാട്ടിലെങ്ങും വിന്യസിച്ചിരിക്കുന്ന സമയം. ഒരു വാൻ നിറയെ പൊലീസുകാർ, കൂട്ടത്തിൽ സജയും രാവിലെ മുതൽ ഡ്യൂട്ടിയിലാണ്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല നേരം പോക്കാൻ. ഇന്നത്തെപ്പോലെ മൊബൈലും നെറ്റുമില്ല . വെറുതെ ഇരിക്കുക തന്നെ. വിശപ്പും ദാഹവും വേണ്ടുവോളമുണ്ട്. കലാപം ഇല്ലാതാക്കാൻ വന്നിരിക്കുന്ന പോലീസുകാരാണ്. ഇറങ്ങി ഭക്ഷണം യാചിക്കാൻ മനസ്സുവരുന്നില്ല. സാഹചര്യവും അനുവദിക്കുന്നില്ല. നാട്ടുകാരും വീടിനുപുറത്തിറങ്ങാൻ ഭയന്നിരിക്കുകയാണ്. അപ്പോൾ മദ്ധ്യവയസ് കഴിഞ്ഞ ഒരുമ്മ ഒരു സ്റ്റീൽ കലവുമായി വീടിൻ്റെ പടിയിറങ്ങി വരുന്നു. നിങ്ങൾ കാലത്തുമുതൽ കുത്തിയിരിക്കുന്നതല്ലേ മക്കളേ, കുറച്ച് കട്ടൻ ചായയാണ്, കുടിച്ചോളിൻ എന്നു പറഞ്ഞാണ് നിർഭയയായി ആ അമ്മ അവർക്കരികിലേക്ക് വന്നത്. അത് ലോകത്തിനു നൽകാനുള്ള കോഴിക്കോടിൻ്റെ അടയാളമാണെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. കോഴിക്കോട് ഞാൻ ദീർഘകാലം താമസിച്ചിട്ടില്ലെങ്കിലും അറിവിൻ്റെ ഈ അടയാളം മതി ഈ നാട് മനുഷ്യത്വത്തിൻ്റെയും തലസ്ഥാനമാണെന്ന് സ്ഥിരീകരിക്കാൻ.
സുസ്മേഷ് ചന്ദ്രോത്തിന്റെ മനോഹരമായ മറ്റൊരു ലേഖനം കൂടി വായിക്കാൻ സാധിച്ചു.
ഇന്ത്യയിലെ മറ്റുള്ള നഗരങ്ങളിൽ നിന്നും വ്യത്യസ്തമാണ് കോഴിക്കോട് എന്നതിൽ സംശയമില്ല. ഞാൻ ഈയിടെയാണ് കോഴിക്കോടിനെ പരിചയപ്പെടുന്നത്. അവിടേക്കു യാത്ര ചെയ്തിട്ടുള്ളത് മൂന്നുതവണയും. കോഴിക്കോടെന്നു കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വരുന്നത് മൂന്ന് കാര്യങ്ങളാണ് – ആതിഥ്യമര്യാദ, ഭക്ഷണം, KLF.
കോഴിക്കോടിനെ ഒരിക്കൽക്കൂടി ഓർക്കാൻ സഹായിച്ച ചന്ദ്രോത്തിനു നന്ദി.