
കോഴിക്കോട് ആറുവരി ബൈപ്പാസ് പണി നീളുന്നു
- മുഴുവൻ പ്രവൃത്തിയും 2025 മാർച്ചിൽ പൂർത്തിയാക്കുമെന്ന് കെഎംസി കൺസ്ട്രക്ഷൻ ദേശീയപാതാ അതോറിറ്റി ഉറപ്പ് നൽകി
കോഴിക്കോട് : കോഴിക്കോട് ആറുവരി ബൈപ്പാസിന്റെ മുഴുവൻ പ്രവൃത്തിയും 2025 മാർച്ചിൽ മാത്രമേ പൂർത്തിയാകൂ .കെഎംസി കൺസ്ട്രക്ഷൻ ആണ് ബൈപാസ്സിന്റെ നിർമ്മാണ ചുമതല. ഇപ്പോൾ 72ശതമാനം പണിപൂർത്തിയായിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റിയും കരാറുകാരും പറയുന്നു. 28.4 കിലോമീറ്റർ വരുന്ന ബൈപാസിന്റെ മുഴുവൻ പ്രവൃത്തിയും ഈ ഡിസംബറോടെ പൂർത്തിയാക്കണം എന്നായിരുന്നു കരാറിലെ വ്യവസ്ഥ. എന്നാൽ അത് സാധ്യമല്ല എന്ന് കരാറുകാർ തന്നെ സമ്മതിക്കുന്നു. മുഴുവൻ പ്രവൃത്തിയും 2025 മാർച്ചിൽ പൂർത്തിയാക്കുകയും ചെയ്യുമെന്ന് കെഎംസി കൺസ്ട്രക്ഷൻ ദേശീയപാതാ അതോറിറ്റി ഉറപ്പ് നൽകിയിട്ടുണ്ട്.

ഏഴു മേൽപ്പാലങ്ങളിൽ രണ്ടെണ്ണത്തിൽ പ്രവർത്തി ഇനിയും പൂർണമായിട്ടില്ല. ബാക്കിയുള്ളത് വെങ്ങളം പൂളാടിക്കുന്ന് മേൽപ്പാലങ്ങളുടെ പണിയാണ്. വേങ്ങേരി മാതൃകയിൽ ഉണ്ടാക്കുന്ന മലാപ്പറമ്പിലെ ഓവർ പാസിന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. മലാപ്പറമ്പ് ഓവർ പാസിന് 600 മീറ്ററോളം നീളമുണ്ട്. ആയതിനാൽ ഇതിന്റെ മുഴുവൻ പ്രവർത്തിയ്ക്ക് സമയമെടുക്കും.
കൂടാതെ സൈബർ പാർക്കിന് മുന്നിലൂടെയുള്ള മേൽപ്പാലത്തിന്റെ രണ്ടു ഭാഗത്തും സമീപന റോഡുകളും യോജിപ്പിക്കാൻ ഉണ്ട്. തൊണ്ടയാട് മേൽപ്പാലം തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും സൈബർ പാർക്ക്, പന്തിരങ്കാവ് ഭാഗത്തുൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ പണി ഇനിയും ബാക്കിയാണ്. തൊണ്ടയാടിനും സൈബർ പാർക്കിനും ഇടയിൽ ഒരു ഭാഗത്തെ സർവീസ് റോഡുള്ളൂ.