
കോഴിക്കോട് കടുവ സഫാരി പാർക്ക് വരുന്നു
- ആറുമാസത്തിനുള്ളിൽ ഡി.പി.ആറും വിശദമായ മാനേജ്മെന്റ് പ്ലാനും തയ്യാറാക്കി സമർപ്പിക്കും
പേരാമ്പ്ര: പേരാമ്പ്ര ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ സ്ഥലത്ത് തുടങ്ങാൻ ഉദ്ദേശിക്കുന്ന കോഴിക്കോട് ബയോളജിക്കൽ പാർക്കിന് വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കൺസൽട്ടൻസിയായി. ഡൽഹിയിലെ ജെയിൻ ആൻഡ് അസോസിയേറ്റ്സിനാണ് ഇതിനുള്ള കരാർ ലഭിച്ചത്. 64 ലക്ഷം രൂപയ്ക്കാണ് ടെൻഡർ ഏറ്റെടുത്തത്. ആറുമാസത്തിനുള്ളിൽ ഡി.പി.ആറും വിശദമായ മാനേജ്മെന്റ് പ്ലാനും തയ്യാറാക്കി സമർപ്പിക്കും.

മാനേജ്മെന്റ് പ്ലാൻ സമർപ്പിച്ചാൽ മാത്രമേ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭ്യമാകൂ. വനംവകുപ്പ് പ്ലാന്റേഷൻ കോർപ്പറേഷന് നേരത്തേ ലീസിന് നൽകിയിരുന്ന സ്ഥലത്തിൽ 125 ഹെക്ടറോളം സ്ഥലമാണ് ബയോളജിക്കൽ പാർക്കിന് ആകെ കണ്ടെത്തിയത്.പ്രവേശനക്കവാടത്തിനരികെയുള്ള സ്ഥലത്ത് ടിക്കറ്റ് കൗണ്ടർ, പാർക്കിങ്, ഇൻഫർമേഷൻ സെൻ്റർ, ഓഫീസ് കെട്ടിടം, ജീവനക്കാർക്ക് താമസസൗകര്യം, ഇൻസ്പെക്ഷൻ ബംഗ്ലാവ്, വിനോദപാർക്ക്, ലഘുഭക്ഷണശാല എന്നിവ ഒരുക്കാനാണ് ഉദ്ദേശ്യം. രണ്ടാമത്തെ സ്ഥലത്താണ് കടുവ സഫാരി പാർക്കിന് സ്ഥലമൊരുക്കുക. ആശുപത്രിയും അനുബന്ധസൗകര്യവും ഒപ്പമുണ്ടാകും. കഴിഞ്ഞവർഷം നവംബറിലാണ് മുതുകാട് കടുവ സഫാരി പാർക്ക് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിറങ്ങിയത്. ജൂണിൽ പാർക്കിനെ അനുമതിക്കുള്ള സാങ്കേതികകാര്യങ്ങൾ പരിഗണിച്ച് കോഴിക്കോട് ബയോളജിക്കൽ പാർക്ക് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
