
കോഴിക്കോട് കോർപ്പറേഷൻ ബജറ്റ് – മാലിന്യ നിർമ്മാർജ്ജനത്തിനും ക്ഷേമത്തിനും പ്രാമുഖ്യം
- നഗരത്തെ മാലിന്യമുക്തമാക്കാനും വയോജനക്ഷേമം ഉറപ്പുവരുത്താനും സാഹിത്യ-സാംസ്‌കാരിക കേന്ദ്രമാക്കാനും പദ്ധതികളുമായി കോർപ്പറേഷൻ ബജറ്റ്.
കോഴിക്കോട് : മലിനജല സംസ്കരണപ്ലാന്റ് പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ബജറ്റിൽ എസ്.ടി.പി. കൾക്കായി ആവിക്കൽ-കോതി 336 കോടി രൂപ മാറ്റിവെച്ചു. അമൃത് 2.0ൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതുകൊണ്ടുതന്നെ. കേന്ദ്ര സംസ്ഥന ഫണ്ട് കൂടി ഇതിൽപ്പെടും. വയോജന നയമെന്ന ലക്ഷ്യത്തിലേക്ക് ചുവടുറപ്പിക്കാനായി വിവിധപദ്ധതികൾക്ക് നാലുകോടിയോളം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
മെഡിക്കൽ കോളേജ് സമീപത്ത് 3.1 ദശലക്ഷം ലിറ്റർ ശേഷിയുള്ള എസ്.ടി.പി.യിൽ 2.1 ദശലക്ഷത്തിന്റേത് ഒക്ടോബറിൽ ആരംഭിച്ചിരുന്നു. ബാക്കി വരുന്ന ഒരു ദശലക്ഷം ലിറ്റർ പ്ലാൻ്റ് 26-ന് ഉദ്ഘാടനം ചെയ്യും. മൊബൈൽ എഫ്.എസ്.ടി.പി. സംവിധാനവും സാധ്യമാക്കും. രണ്ട് മൊബൈൽ ടോയ്‌ലറ്റ് ബ്ലോക്കും ഒരുക്കുന്നുണ്ട്. ഇതിനായി 2.43 കോടിയാണ് മാറ്റിവെച്ചിട്ടുള്ളത്.
പാർപ്പിട പദ്ധതികൾക്കായി 35 കോടി നീക്കി വെച്ചിട്ടുണ്ട്. ശ്മശാനങ്ങൾ ഹാപ്പിനസ് പാർക്കുകളാക്കാൻ 10 കോടിയാണുള്ളത്. കോർപ്പറേഷൻ വജ്ര ജൂബിലി സ്മാരകമായി കൗൺസിൽ ഹാളും പാർക്കിങ് സൗകര്യവുമുള്ള പുതിയകെട്ടിടത്തിന് ഒരുകോടി രൂപയും മാറ്റിവെച്ചു .