
കോഴിക്കോട് മെഡിക്കൽ കോളേജിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി പുതിയ പദ്ധതികൾ
- പുതിയ കിണറുകൾ കുഴിച്ചും മഴവെള്ളം സംഭരിച്ചും ശുദ്ധജല വിതരണം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം
കോഴിക്കോട്: മെഡിക്കൽ കോളേജിലെ രോഗികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ പദ്ധതിയുമായി അധികൃതർ. നിലവിലെ കുടിവെള്ള സ്രോതസ്സുകൾ ഉപയോഗപ്പെടുത്തിയും പുതിയ കിണറുകൾ കുഴിച്ചും മഴവെള്ളം സംഭരിച്ചും ശുദ്ധജല വിതരണം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി മെഡിക്കൽ കോളേജ് അധികൃതർ സിഡബ്ല്യൂആർഡിഎമ്മിനെ ചുമതലപ്പെടുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമികപഠനം നടത്തിയതായും സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ സീനിയർ സയൻറിസ്റ്റ് ഡോ. പ്രിജു ചുങ്കത്ത് പറഞ്ഞു.
നിലവിൽ മൂന്ന് കുഴൽക്കിണറുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജിലുള്ളത്. പദ്ധതിയുടെ ആദ്യഘട്ടമായി ഈ മൂന്ന് കുഴൽക്കിണറുകളിലെ വെള്ളം പരിശോധിക്കും. ദിവസത്തിൽ പരമാവധി എത്രത്തോളം കുഴൽക്കിണറിലെ വെള്ളം ഉപയോഗപ്പെടുത്താൻ ആകും എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും പഠനം നടത്തും. ഇപ്പോൾ ഈ കുഴൽ ക്കിണറുകളിലെ വെള്ളം കുടിവെള്ളാവശ്യത്തിനായി ഉപയോഗിക്കാറില്ല. നിർമാണപ്രവർത്തനങ്ങൾക്കും മറ്റുമായി 20,000 ലിറ്റർ വെള്ളമാണ് ദിവസം തോറും എടുക്കാറുള്ളത്.
പദ്ധതിയുടെ തുടക്കത്തിൽ തന്നെ എട്ട് മീറ്റർ വ്യാസമുള്ള ഒരു പുതിയ കിണർ കുഴിക്കും. വളരെമുൻപ് മെഡിക്കൽ കോളേജിലുണ്ടായിരുന്ന ചിറ മണ്ണിട്ട് നികത്തിയാണ് ഇപ്പോഴുള്ള മൈതാനമുണ്ടാക്കിയത്. ഇവിടെയാണ് ഒരു കിണർ കുഴിക്കാൻ സ്ഥലം നിർദേശിച്ചിരിക്കുന്നത്. തറനിരപ്പിലുള്ള വലിയ ടാങ്കുണ്ടാക്കി ഈ കിണറിൽനിന്നുള്ള വെള്ളം പമ്പ് ചെയ്ത് ഇതിൽ സംഭരിക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വെള്ളം ഇങ്ങനെ സംഭരിക്കാനാവും.
രണ്ടാം ഘട്ടത്തിൽ കുളങ്ങൾ
അടുത്തഘട്ടത്തിൽ മൈതാനത്തായി രണ്ട് കുളങ്ങൾ നിർമിച്ച് ഹൈഡെൻസിറ്റി പോളിത്തീൻ ഫിലിമിട്ട് മഴവെള്ളം പരമാവധി സംഭരിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് ഡോ. പ്രിജു പറഞ്ഞു. 250 ഏക്കറിലെ മെഡിക്കൽ കോളേജ് കാമ്പസിൽനിന്ന് ഒരു വർഷം ഏകദേശം 250 കോടി ലിറ്റർ മഴവെള്ളമാണ് ലഭിക്കുന്നത്. അതിൻ്റെ 50 ശതമാനമെങ്കിലും ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. മഴവെള്ളം റീച്ചാർജ് ചെയ്യാനുള്ള പലതരത്തിലുള്ള സംവിധാനങ്ങളും സജ്ജമാക്കും.