
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സപിഴവ്; പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ പിതാവ്
- പിഴവിനെതിരെ പരാതി നൽകുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു
മലപ്പുറം: പെരുവള്ളൂരിൽ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരിച്ച് പിതാവ് സൽമാനുൽ ഫാരിസ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നൽകുമെന്നും സിയയുടെ പിതാവ് പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്തു നിന്നും ആരോഗ്യ വകുപ്പിൻ്റെ ഭാഗത്തു നിന്നും ആരും ബന്ധപ്പെട്ടില്ല. വാക്സിൻ എടുത്തിട്ടും മരണം സംഭവിക്കുമ്പോൾ ഇതിൽ വിശദമായ പഠനം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സിയ മരിച്ചത്.
മാർച്ച് 29നാണ് കുട്ടിയ്ക്ക് നായയുടെ കടിയേൽക്കുന്നത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു കുട്ടി. ആദ്യം തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. ഇതിനുള്ള ഡോക്ടർ ഇവിടെ ഇല്ലെന്നാണ് അവിടെ നിന്ന് പറഞ്ഞത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെന്നും പിതാവ് പറഞ്ഞു.
ആദ്യം ചികിൽസ നൽകിയ ശേഷം 48 മണിക്കൂർ കഴിഞ്ഞു വരാൻ പറഞ്ഞു. പിന്നീട് പനി ബാധിച്ചപ്പോൾ കുട്ടിക്ക് ഉറങ്ങാൻ കഴിയാത്ത അവസ്‌ഥയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകി. മുറിവ് തുന്നാതെ തന്നെ മടക്കി വിടുകയായിരുന്നു. ആദ്യ ഇഞ്ചക്ഷൻ കൊടുത്തു കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞേ അടുത്ത ചികിത്സ ചെയ്യാനാവൂ എന്ന് പറഞ്ഞു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് തലക്ക് പത്ത് തുന്നിക്കെട്ടിട്ടു. 20 മിനിട്ടു കൊണ്ട് തിരൂരങ്ങാടി താലൂക്ക് ആശുപതിയിൽ എത്തിച്ചുവെന്നും പിതാവ് പറഞ്ഞു.