
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി
- ഭീഷണി സന്ദേശമെത്തിയത് ഇന്ന് രാവിലെ പത്ത് മണിയോടെയാണ്
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ മെയിലായിട്ടാണ് സന്ദേശമെത്തിയത്. ഒപിയിൽ പോലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഭീഷണി സന്ദേശമെത്തിയത് ഇന്ന് രാവിലെ പത്ത് മണിയോടെയാണ്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള മെയിൽ ഐഡി വഴിയാണ് സന്ദേശമെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിൻ്റെ ഉറവിടം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഒരു മണിക്കൂർ നേരം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ എല്ലാ സ്ഥലവും വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു. പാർക്കിംഗ് സ്ഥലമുൾപ്പെടെയാണ് പരിശോധന നടത്തുന്നത്. നിലവിൽ ഒപിക്ക് മുന്നിലുള്ള സ്ഥലത്താണ് പരിശോധന.
