
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തി കമ്പനികൾ
- 90 കോടി രൂപയോളം കുടിശ്ശിക വന്നതോടെയാണ് കമ്പനികൾ വിതരണം നിർത്തിയത് ആയിരക്കണക്കിന് രോഗികൾ പ്രതിസന്ധിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചു. 90 കോടി രൂപയോളം കുടിശ്ശിക വന്നതോടെയാണ് കമ്പനികൾ വിതരണം നിർത്തിയത്. സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികൾ പ്രതിസന്ധിയിലാകും. മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചതോടെ ആശുപത്രിയിലെ ശസ്ത്രക്രിയയും രോഗികൾക്കുള്ള മരുന്നുവിതരണവും ഉൾപ്പെടെ തടസപ്പെടുന്ന സാഹചര്യമാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യായ വില മരുന്നുവിതരണ കേന്ദ്രങ്ങളിലേക്ക് മരുന്ന് വിതരണം ചെയ്തതിന് വിതരണക്കാർക്ക് പണം ലഭിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടു. കഴിഞ്ഞ മാർച്ചിനു ശേഷം പണം കിട്ടിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മരുന്നു വിതരണം നിർത്തി വെക്കുമെന്ന് കാണിച്ച് നേരത്തെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കുൾപ്പെടെ കത്ത് നൽകിയിട്ടുണ്ട്.