കോഴിക്കോട് സാഹിത്യ നഗരം – പ്രധാന്യവും പ്രതീക്ഷയും

കോഴിക്കോട് സാഹിത്യ നഗരം – പ്രധാന്യവും പ്രതീക്ഷയും

തയ്യാറാക്കിയത് : അഞ്ജു നാരായണൻ

  • കോഴിക്കോടിന് സാഹിത്യ നഗരം പദവി ലഭ്യമാകുമ്പോൾ കല്പറ്റ നാരായണൻ,കെ.സി. നാരായണൻ,ഖദീജ മുംതാസ്,വി. ആർ.സുധീഷ്, ഒ.പി.സുരേഷ് എന്നിവർ കെ ഫയലിനോട് പ്രതികരിക്കുന്നു

കോഴിക്കോട് നേടിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ യുനസ്കോയുടെ സാഹിത്യ നഗരമെന്ന പദവി.കേരളത്തിന്റെ ചരിത്ര കാലം മുതൽ കോഴിക്കോട് രേഖപ്പെടുത്തിയത് കൊടുക്കൽ വാങ്ങലിൻ്റേയും എഴുത്തിന്റെയും സാഹിത്യത്തിന്റെയും മേന്മകളെയാണ്. യുനെസ്കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗികപ്രഖ്യാപനം ഇന്നലെ നടന്നിരിക്കെ, ഇന്ത്യയിൽ ആദ്യമായെത്തുന്ന സാഹിത്യ നഗരം പദവി വളരെ പ്രതീക്ഷയോടെയാണ് സാഹിത്യലോകം ഉറ്റുനോക്കുന്നത്. കോഴിക്കോടിന്റെ സാഹിത്യപരിസരം വിപുലമായ ശ്രദ്ധ ഇനി നേടാനിടയുണ്ട്. അതിനാൽ തന്നെ കോഴിക്കോടിന് വേണ്ടത് സാഹിത്യ സംബന്ധികം പുരോഗതിയാണ്. അതിന് വേണ്ടത് സമസ്തമേഖലകളുടെയും ഇഴുകിച്ചേരലും സംവാദവുമാണ്.

യുനെസ്കോയുടെ സാഹിത്യ പദവി നഗര ശൃംഖലയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലും വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞിരുന്നു. അതും വലിയ പ്രതീക്ഷയാണ് നൽകുന്നത്.രണ്ടുവർഷം വീതം നീണ്ടുനിൽക്കുന്ന നാലു ഘട്ടങ്ങളായാണ് ഈ പദ്ധതികൾ നടപ്പാക്കുകയത്രേ.

മാനാഞ്ചിറ, ബീച്ച്, തളി ക്ഷേത്രം, കുറ്റിച്ചിറ, ലയൺസ് പാർക്ക് തുടങ്ങിയ ഇടങ്ങളും പാർക്കുകളും സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്ന ഇടങ്ങളാക്കി മാറ്റും. ലിറ്ററേച്ചർ മ്യൂസിയം, വായനത്തെരുവ്, മലബാർ ലിറ്റററി സർക്യൂട്ട്, കോലായ സംസ്കാരത്തിന്റെ പുനഃസ്ഥാപനം, സ്വതന്ത്ര വായന മൂലകൾ തുടങ്ങിയവയും നടപ്പാക്കും. വാരാന്ത്യ വായനകൾ പോലുള്ള പദ്ധതികളുണ്ടാവും. ഡയസ്പോറിക് ചിൽഡ്രൻസ് പാർലമെന്റ്, സാഹിത്യ മത്സരങ്ങൾ, പുസ്‌തക കൈമാറ്റ കേന്ദ്രങ്ങൾ, എഴുത്തുശിൽപശാലകൾ, പുസ്തകമേളകൾ, ഗൃഹലൈബ്രറി സന്ദർശനങ്ങൾ, എഴുത്തുശിൽപശാലകൾ, പുസ്തമേളകൾ, ഗൃഹലൈബ്രറി സന്ദർശനങ്ങൾ, സഞ്ചരിക്കുന്ന പുസ്തക പ്രദർശനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കുമെന്നതും വലിയ മാറ്റങ്ങളുടെ തുടക്കമാവട്ടെ.

സാഹിത്യ മുഖരിതമാവണം കോഴിക്കോട് ; കല്പറ്റ നാരായണൻ -കവി,എഴുത്തുകാരൻ

സാഹിത്യപ്രതിഭകളും സാഹിത്യ സഹൃദയരുമുള്ള, നാടകം , സിനിമ എന്നിവയെ ഏറ്റെടുക്കുന്നതിനൊപ്പം എഴുത്തുകാരാലും വായനക്കാരാലും സമ്പന്നമാണ് കോഴിക്കോട്. അതിനാൽ തന്നെ യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക് കോഴിക്കോട് തികച്ചും അർഹമാണ്.എന്നാൽ സാഹിത്യകാരൻമാർക്കായിരുന്നു പ്രഖ്യാപന ചടങ്ങിൽ പ്രാമുഖ്യം ലഭിക്കേണ്ടത്. രാഷ്ട്രീയ നഗരമായാണോ ഈ പുരസ്‌കാരം മാറിയത്? സാഹിത്യ നഗരമല്ലേ? അതിനെ രാഷ്ട്രീയനഗരമായി പ്രഖ്യാപിക്കുന്നതിൽ യോജിപ്പില്ല.

യുനസ്കോയുടെയും ഗവണ്മെന്റിന്റെയും സഹായം കൊണ്ട് വലിയ ടൗൺഹാൾ നിർമ്മിക്കപെടുന്നത് ഗുണമാകും.എല്ലാ സമയവും പ്രവർത്തിക്കുന്ന ലൈബ്രറി വേണം,നിത്യവും സാഹിത്യ പരിപാടികൾ വേണം. സാദാ സാഹിത്യ മുഖരിതമാവണം കോഴിക്കോടിന്റെ അന്തരീക്ഷം. അത് ഈ നേട്ടം കൊണ്ട് സൃഷ്ടിക്കപ്പെടണം. കോഴിക്കോടിന്റെ സാഹിത്യ അവബോധം വർധിപ്പിക്കാനാവണം. സാഹിത്യ നഗരിയിലെ ജനമാണ് ഞങ്ങളെന്ന് പറയാൻ അഭിമാനപൂർവ്വം കഴിയുന്ന രീതിയിൽ കോഴിക്കോട് മാറണം.

പാരമ്പര്യം കൊണ്ട് തന്നെ സാഹിത്യ നഗരമാണ് കോഴിക്കോട് ;
കെ.സി.നാരായണൻ – എഴുത്തുകാരൻ, പത്രാധിപർ

സാമൂതിരയുടെ കാലം മുതൽ പതിനെട്ടര കവികൾ എന്ന സദസ് മുതൽ സാഹിത്യത്തിൽ തന്നതായ സ്ഥാനമുണ്ട് കോഴിക്കോടിന്.15,16 നൂറ്റാണ്ട് മുതൽ കേരളത്തിൽ മറ്റൊരിടത്തിലും ഇല്ലാത്ത പണ്ഡിത സദസാണ് കോഴിക്കോട്ട് നിലനിന്നിരുന്നത്. അത്രയും പുരാതനത്വം മറ്റൊരു നഗരത്തിനും അവകാശപ്പെടാനില്ല.സാഹിത്യത്തിൽ ഈ നഗരത്തിനുണ്ടായിരുന്ന സ്വീകാര്യതയുടെ പഴക്കത്തിന് കൂടിയാണ് ഈ പദവി ലഭിച്ചത്. കോഴിക്കോടിന്റെ പാരമ്പര്യം കൊണ്ട് തന്നെ സാഹിത്യ നഗരമെന്ന ഖ്യാതിക്ക് അർഹമായ നഗരമാണിത്.

കോഴിക്കോട് വിസ്തൃതിയിൽ ഒരു വലിയ നഗരമല്ല എന്നാൽ ഒരുപാട് വികസനം വഴി അത് മറികടക്കാവുന്നതേ ഉള്ളു.എഴുത്ത്,വായന എന്നിവ വർധിപ്പിക്കുന്ന ജനകീയമായ പരിപാടികൾ നടക്കണം. മലയാളം ഭാഷ പഠിക്കുന്നതിനുള്ള കൂട്ടായ്മകൾ വർധിക്കണം. കൂടാതെ വളരെ പ്രത്യേകമായുള്ള (സപെഷ്യലിസ്ഡ് ) ലൈബ്രറികൾ സ്ഥാപിക്കപ്പെടണം.

ഈ പദവി അഭിമാനകരം ; ഖദീജ മുംതാസ്- എഴുത്തുകാരി

കോഴിക്കോടിന് ലഭ്യമായത് അഭിമാനകരമായ നേട്ടമാണ്. എന്നാൽ ഇത് സ്ഥിരമല്ല. മൂല്യനിർണയം നടക്കുമ്പോൾ അതിനനുസരിച്ചുള്ള പരിപാടികൾ നമ്മൾ സംഘടിപ്പിക്കണം. ലിറ്റററി ടൂറിസം പോലുള്ള സാധ്യതകൾ വിപുലപെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സാംസ്‌കാരിക മുദ്രകളായ തളി ക്ഷേത്രം, മാനാഞ്ചിറ തുടങ്ങിയവ സാധ്യതകൾ വർധിപ്പിക്കുന്നവയാണ്.നാം നേടിയ പദവിക്കനുസരിച്ചുള്ള പരിപാടികൾ നടത്തുക അത്യാവശ്യമാണ്. വിദ്യാർത്ഥികളെ വായനയിലേക്ക് എത്തിക്കുക. എന്നിവ നമ്മൾ ചെയ്യേണ്ട കാര്യങ്ങളാണ്.

കൂടാതെ പ്രതിനിധികളുടെ പോർച്ചുഗലിലെ രാജ്യാന്തര സമ്മേളനത്തിലേക്കുള്ള യാത്ര വലിയ പ്രതീക്ഷ നൽകുന്നതാണ്. കോഴിക്കോടിന്റെ പരിമിതികൾ ഒരു പരിമിതിയല്ല എന്നതാണ് വാസ്തവം. അതിൽ നിന്നുകൊണ്ട് കോഴിക്കോടിന്റെ സ്വന്തം ഇന്റർനാഷണൽ ഫെസ്റ്റ് സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

കോലായ പോലുള്ള കൂട്ടായ്മകൾ തുടരണം ;
വി. ആർ സുധീഷ് – എഴുത്തുകാരൻ

ഴുത്തുകാരെ പരിചയപ്പെടുത്തുന്ന വേദികൾ ധാരാളമായി ഉണ്ടാകണം. അന്യഭാഷാ എഴുത്തുകാരെ കോഴിക്കോട് എത്തിക്കുകയും വേണം.കോഴിക്കോട് കൈവരിച്ചിരിക്കുന്ന ഈ നേട്ടം വളരെ വലുതാണ്. പക്ഷെ ,സാഹിത്യനഗരം പദവി ലഭിച്ചതിനൊപ്പം ഈ സാഹചര്യത്തിൽ അധികൃതർ കാര്യങ്ങൾ എങ്ങനെ കൊണ്ടുപോകുന്നു എന്നതിലാണ് ഭാവി സാധ്യതകൾ കിടക്കുന്നത്. പദവി നിലനിർത്താനുള്ള കാര്യങ്ങൾ ചെയ്യണം. എഴുത്തുകാരെ പരിചയപ്പെടുത്തുന്ന വേദികൾ ധാരാളമായി ഉണ്ടാകണം. അന്യഭാഷാ എഴുത്തുകാരെ കോഴിക്കോട് എത്തിക്കുകയും വേണം. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതോടെ മാത്രമേ ഈ പുരസ്കാരത്തിന്റെ യശസ് നിലനിൽക്കുകയുള്ളു.

എഴുത്തുകാരെയും വായനക്കാരെയും കോഴിക്കോട്ടേക്ക് ആകർഷിക്കുന്ന തരത്തിലുള്ള ടൂറിസം വികസനം അത്യാവശ്യമാണ്.പണ്ട് നിലനിന്നിരുന്ന കോഴിക്കോട്ടെ ‘കോലായ’പോലുള്ള ചർച്ചകൾ ഇന്നില്ല. ഇന്നത്തെ എഴുത്തുകാർ കൂടിയിരിക്കുന്നത് അപൂർവമാണ്. അത്തരം കൂട്ടായ്മകൾ ഉണ്ടാകണം എന്നത് അത്യാവശ്യമാണ്.

സാഹിത്യം ജനങ്ങളിലേക്കെത്താൻ വേദികൾ വേണം ;
ഒ.പി.സുരേഷ് – കവി

സാഹിത്യവുമായി സമ്പർക്കപ്പെടുന്നതിലൂടെ മനുഷ്യർ നേടിയെടുക്കുന്ന സാംസ്കാരിക ഔന്നത്യം, അനുഭവ ജീവിതത്തിൽ വർഷങ്ങൾക്ക് മുൻപ് തന്നെ പ്രാവർത്തികമാക്കി വരുന്ന ജന സമൂഹമാണ് കോഴിക്കോട്ടുകാർ. ആ പ്രക്രിയയ്ക്ക് ഔപചാരികമായി ലഭിച്ച അന്തർദേശീയ അംഗീകാരമാണിത്. പതിറ്റാണ്ടുകൾക്ക് മുൻപ് കോഴിക്കോട് ആർജിച്ച ഇത്തരം നേട്ടങ്ങളുടെ തുടർച്ചകൾക്ക് ലഭിച്ച ഔദ്യോഗികമായ അന്തർദേശീയ അംഗീകാരം കൂടിയാണിത്.

ഈ പദവിയുടെ ലഭ്യതയോടെ കോഴിക്കോടിന്റെ മുന്നേറ്റങ്ങളുടെ അവസരങ്ങൾ കൂടി വരികയാണെന്ന പ്രതീക്ഷയുണ്ട്. ലിറ്റററി ടൂറിസം എന്നത് അതിന് ആക്കം കൂട്ടുമെന്നത് തീർച്ച. കോഴിക്കോടിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും വിനിമയത്തിന്റെയും ആക്കം കൂട്ടാൻ പുരസ്‌കാരം കൊണ്ട് കഴിയുമെന്നത് തീർച്ച. കോഴിക്കോടിന്റെ സാംസ്കാരിക വിസ്തൃതി നഗരത്തിന്റെ ഭൂവിസ്തൃതിയേക്കാൾ വളരെ കൂടുതലായതിനാൽ നഗരത്തിന്റെ പരിമിതികൾ ഒരിക്കലും സാഹിത്യപുരോഗതിയെ ബാധിക്കില്ല.

എന്നാൽ സർക്കാരിന്റെ ചട്ടപ്പടിയായ പ്രവർത്തനം കൊണ്ട് നേടിയെടുക്കാവുന്നതും മുന്നോട്ട് കൊണ്ടുപോവാൻ ആകുന്നതും മാത്രമല്ല സാഹിത്യ നഗരം പോലെയുള്ള ഒരു പദവി. പദവിക്ക് അനുസരിച്ച് സാഹിത്യ പ്രവർത്തനങ്ങൾ നടക്കണം. അത് ഭാവിയിലേക്ക് നിലനിൽക്കുന്നതാവണം. അതിനായി ഗവണ്മെന്റിന്റെയും വിവിധങ്ങളായ വകുപ്പുകൾക്ക് കഴിയണം. കൾച്ചറൽ ടൂറിസം പ്രവർത്തനം നടപ്പിലാക്കണം.

സാഹിത്യം നിരന്തരം മാറുന്നതാണ്. സമകാലീന സാഹിത്യം എന്ന രീതിയിൽ ലോക സാഹിത്യവുമായി ഇടപഴകാൻ സാധിക്കണം. ഇതൊരു ആഗോള തല അംഗീകാരമാണ്. ആ നിലക്ക് അനുസരിച്ചുള്ള ആഗോള സാഹിത്യത്തെ അടുത്തറിയാനുള്ള വേദികൾ സുലഭമാക്കണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )