
കോർപ്പറേഷൻ കൗൺസിൽ: കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ഉന്നതതല യോഗം ചേരും
- ബിജെപി അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാതെ ഹാൾ വിട്ടിറങ്ങി.
കോഴിക്കോട് :നഗരത്തിൽ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ജല അതോറിറ്റിയുടെ ഉന്നതതലയോഗം വിളിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. കെ.ടി. സുഷാജാണ് പ്രശ്നം ചൂണ്ടികാട്ടിയത്. അമൃത് പദ്ധതിയിൽ സ്ഥാപിച്ച പൈപ്പുകൾ ദുർബലമാണെന്ന ആരോപണത്തിലും അന്വേഷണമുണ്ടാകും. ജില്ലയിൽ വർധിച്ചു വരുന്ന വന്യമൃഗ ആക്രമണത്തിൽ നടപടി വേണമെന്ന് കോർപ്പറേഷൻ കൗൺസിൽ. നഷ്ടപരിഹാരം വർധിപ്പിക്കാനും കേന്ദ്രനിയമം ഭേദഗതിചെയ്യണമെന്നുമാണ് ആവിശ്യം.
അതെ സമയം വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ വിദ്യാർഥി മരിച്ച സംഭവത്തിനെച്ചൊല്ലി കൗൺസിലിൽ പ്രതിഷേധവും നടന്നു.
സംഭവത്തിനുകാരണക്കാരായ എസ്എഫ്ഐയെ നിരോധിക്കണമെന്നും ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടു. കോൺഗ്രസ് കൗൺസിലർ എസ്.കെ. അബൂ ബക്കറിൻ്റെ അടിയന്തരപ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചതിനുപിന്നാലെയാണ് യുഡിഎഫ് പ്രതിഷേധമുയർന്നത്. പ്രമേയം വായിക്കാൻ മേയർ അനുമതി നിഷേധിച്ചതിലും യുഡിഎഫ് അംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. പ്രമേയങ്ങൾ മേയർ ഡോ. ബീനാ ഫിലിപ്പ് ചർച്ചയ്ക്ക് എടുക്കാനൊരുങ്ങിയപ്പോഴും യുഡിഎഫ് ബഹളം തുടരുകയായിരുന്നു. ഇതുകാരണം ബിജെപി അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാതെ ഹാൾ വിട്ടിറങ്ങി. വന്യമൃഗാക്രമണത്തിൽ നടപടി ശക്തമാക്കാനും നഷ്ടപരിഹാരം വർധിപ്പിക്കാനും കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന എം.സി. അനിൽകുമാറിന്റെ പ്രമേയം കൗൺസിൽ അംഗീകരിച്ചു. ഇത് യുഡിഎഫും അനുകൂലിച്ചു.
നഗരത്തിൽ അനധികൃതമായി തെരുവുകച്ചവടം വർധിക്കുന്ന വിഷയത്തിൽ കൗൺസിലിൽ വരുൺ ഭാസ്കർ ശ്രദ്ധക്ഷണിച്ചു. നഗരത്തിൽ 2812 വഴിയോരക്കച്ചവടക്കാരാണുള്ളതെന്നും ഇവർക്ക് വെൻഡിങ് മേഖലകൾ തരംതിരിച്ചുനൽകുന്നതോടെ പ്രശ്നത്തിൽ ആശ്വാസമുണ്ടാവുമെന്നും സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ അഭിപ്രായപ്പെട്ടു.