
കൗതുകം ചെറിയ കാര്യങ്ങളിലെന്ന് കവി വീരാൻ കുട്ടി
- തിക്കോടിയൻ സ്മാരക ജിവിഎച്ച്എസിൽ വായനവാര പരിപാടി നടന്നു
പയ്യോളി: ചെറിയ കാര്യങ്ങളിൽ എന്നും കൗതുകം പൂണ്ട് അവ ആവിഷ്കരിക്കുന്നതിലാണ് എനിക്കെന്നും സംതൃപ്തിയുണ്ടായിരുന്നത് എന്ന് കവി വീരാൻ കുട്ടി. തിക്കോടിയൻ സ്മാരക ജിവിഎച്ച്എസിൽ വായനവാരവുമായി ബന്ധപ്പെട്ട് നടത്തിയ “കവിയോടൊപ്പം” പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രൊഫ.വീരാൻ കുട്ടി.
പുസ്തകത്തിനകത്തും പുറത്തുമുള്ള കാര്യങ്ങൾ കുട്ടികൾ കവിയുമായി സംവദിച്ചത് വേറിട്ട അനുഭവമായി. ഒമ്പതാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ വീരാൻകുട്ടിയുടെ “സ്മാരകം” എന്ന കവിത കുട്ടികൾക്ക് പഠിക്കാനുണ്ട്.
വായന വാരാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളും തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ്റെയും എസ്പിസി കുട്ടികൾ തയ്യാറാക്കിയ ആസ്വാദന കുറിപ്പുകളുടെ പ്രകാശനവും കവി നിർവ്വഹിച്ചു. കുട്ടികൾ വ്യത്യസ്ത പേരിൽ നിർമിച്ച ആയിരത്തിൽ പരം കയ്യെഴുത്ത് മാഗസിൻ്റെ പിന്നിലെ സർഗാത്മകതയെ വീരാൻ കുട്ടി അഭിനന്ദിച്ചു.
പ്രധാനാധ്യാപകൻ പി. സൈനുദ്ദീൻ ചടങ്ങിൽ അധ്യക്ഷനായി. എസ്ആർജി കൺവീനർ സി. രാജീവൻ മാസ്റ്റർ, അനിത. യു.കെ ,പിടിഎ മെമ്പർ കെ. രാജേഷ് , ഉഷ.സി എന്നിവർ സംസാരിച്ചു. സ്മിത നീലാംബരി സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ സി.കെ. രാജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. സ്കൂൾ മലയാള വിഭാഗവും വിദ്യാരംഗം കലാ സാഹിത്യവേദിയും സ്കൂൾ ലൈബ്രറി വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.