
ഗോകുലം എഫ്സി പരിശീലകൻ ഡൊമിംഗോ ഒറാമസിനെ പുറത്താക്കി
- കിരീടപ്പോരാട്ടത്തിൽ നിന്ന് ടീം പുറത്ത്
സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് ഐലീഗ് ഫുട്ബോൾ ക്ലബ്ബ് ഗോകുലം എഫ്സി സ്പാനിഷ് പരിശീലകൻ ഡൊമിംഗോ ഒറാമസിനെ പുറത്താക്കി. അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ സഹപരിശീലകൻ ഷെരീഫ് ഖാനായിരിക്കും പരിശീലന ചുമതല. ഫിറ്റ്നസ് കോച്ച് ക്രിസ്റ്റിയൻ റോഡ്രിഗസിനെയും ടീം ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിലേക്ക് സ്ഥാനക്കയറ്റം ലക്ഷ്യമിട്ടാണ് ഗോകുലം എഫ്സി കളത്തിലിറക്കിയത്. പക്ഷെ, പ്രതീക്ഷയൊത്തുയരാനായില്ല. ഇതോടെയാണ് മാനേജ്‌മെൻ്റ് പരിശീലകനെ ഒഴിവാക്കുന്നത്. 22 കളിയിൽ 36 പോയിൻ്റുമായി അഞ്ചാംസ്ഥാനത്താണ് ടീം. അവസാന അഞ്ചുകളികളിൽ ഒന്നിൽ മാത്രമാണ് ഗോകുലത്തിനു വിജയിക്കാനായത്. അവസാന മൂന്നു മത്സരങ്ങളിൽ തോറ്റു. ഇതോടെ കിരീടപ്പോരാട്ടത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു.
ഞായറാഴ്ച നെറോക്കയെതിരേയും 12-ന് ട്രാവുവിനെതിരേയുമാണ് അടുത്ത മത്സരങ്ങൾ. ജൂൺ ആറിന് പരിശീലകനായി ചുമതലയേറ്റ ഒറാമസ് 29 കളിയിൽ 12 ജയവും 10 തോൽവിയും ഏഴു സമനിലയും വഴങ്ങേണ്ടി വന്നു. സ്പാനിഷ് താരങ്ങളായ അലക്സ് സാഞ്ചസ്, പിറ്റു വിയേര, സെർബിയൻ താരങ്ങളായ മാത്തിയ ബോബോവിച്ച്, നിക്കോള സ്‌റ്റോയാനോവിച്ച്, കാമറൂൺ താരം അമിനൗ ബൗബ, താജിക്കിസ്താൻ താരം കോംറോൻ തുർ സുനോവ് തുടങ്ങി മികച്ച വിദേശ താരങ്ങൾ ടീമിലുണ്ടായിരുന്നു.