
ഗോഡ്‌സെ വിവാദം
- പോലീസ് അന്വേഷണം
- അദ്ധ്യാപിക അവധിയിൽ
- പ്രതിഷേധം ശക്തമാവുന്നു
മുക്കം : കാലിക്കറ്റ് എൻഐടി യിലെ അധ്യാപിക ഷൈജ ആണ്ടവൻ്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങൾതേടി അന്വേഷണസംഘം. ഗാന്ധിസ്മരണ ദിനത്തിൽ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ് ബുക്ക് കമെന്റ് ചെയ്തത് ഷൈജ ആണ്ടവൻ്റെ അക്കൗണ്ടിൽ നിന്ന് തന്നെയാണോ എന്നുറപ്പിക്കാനാണ് സംഘം തയ്യാറെടുക്കുന്നത്. കഴിഞ്ഞദിവസം ആദ്ധ്യാപിക ആ കമൻറ് ഡിലീറ്റ് ചെയ്തിരുന്നു.
എസ്എഫ്ഐ കുന്ദമംഗലം ഏരിയാ കമ്മിറ്റി നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. ഷൈജ ആണ്ടവനെ ഉടനെ അറസ്റ്റുചെയ്യില്ലെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.
അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ എൻഐടി കാംപസിൽ എത്തിയെങ്കിലും അധ്യാപിക അവധിയിരുന്നു. അതിനാൽ മൊഴി രേഖപ്പെടുത്താതെ പോലീസ് മടങ്ങി. മൊഴിരേഖപ്പെടുത്താൻ അധ്യാപികയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് എൻഐടി രജിസ്ട്രാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഗോഡ്സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ എന്ന കുറിപ്പോടെ കൃഷ്ണരാജ് എന്ന അഭിഭാഷകൻ്റെ പ്രൊഫൈലിൽ നിന്നു പോസ്റ്റു ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിനുതാഴെയാണ് ഷൈജ ആണ്ടവൻ കമൻ്റിട്ടത്. ഗോഡ്സെ, ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട് എന്നായിരുന്നു കമന്റ്.
ഈ സാഹചര്യത്തിൽ എബിവിപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻഐടി യിലേക്ക് മാർച്ച് നടത്തി. ഗോഡ്സെയുടെ ചിത്രം കത്തിക്കുകയും ചെയ്തു. ഗാന്ധിവധവുമായി ആർഎസ്എസിന് ബന്ധമില്ലെന്നും അധ്യാപികയ്ക്കെതിരേ
നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അറിയിച്ചു. കെഎസ് യു പ്രവർത്തകരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റുകയുണ്ടായി.